
വയനാട്: വയനാട് വെള്ളമുണ്ട കണ്ടത്തുവയലില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ടതിന് പിന്നിലെ ദുരൂഹത നീക്കാനാകാത്തതിന്റെ പശ്ചാത്തലത്തില്‍ മറ്റു സാധ്യതകളും അന്വേഷിക്കുകയാണ് പൊലീസ്. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തിന്റെ ഭാഗമായാണോ കൊലപാതകം എന്നും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്തുവയല്‍ 12-ാം മൈല്‍ പൊയിലില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി വിശദമായി പരിശോധിച്ചിട്ടും കൃത്യം നടത്തിയയാളെ കുറിച്ച് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ കൊലപാതകങ്ങളിലെ ദുരൂഹതകളാണ് മറ്റു കാര്യങ്ങള്‍ കൂടി അന്വേഷിക്കാന്‍ അന്വേഷണ സംഘത്തിനെ പ്രേരിപ്പിക്കുന്നത്. മൃതദേഹങ്ങള്‍ കിടന്ന മുറിയിലോ കൊല്ലപ്പെട്ടവരുടെ ശരീരത്തിലോ ബലപ്രയോഗത്തിന്റെയോ മറ്റോ അടയാളങ്ങള്‍ ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. തലക്കും കഴുത്തിനുമേറ്റ വെട്ടാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരുടെയും ചെവിക്ക് താഴെ ഒരു മുറിവും ഒരു നഖപ്പാടും മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രണ്ടും ഒരു പോലെയുള്ളവയാണ്.
എന്നാല്‍ നഖപ്പാട് കൊല്ലപ്പെട്ട രണ്ടുപേരുടേതുമല്ല. കട്ടിലില്‍ രണ്ടുദിശയിലേക്കായി രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. ബോധരഹിതരാകാന്‍ എന്തെങ്കിലും നല്‍കിയതിന് ശേഷമാണോ കൃത്യം നടത്തിയതെന്നും പൊലീസ് പരിശോധിക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ കെമിക്കല്‍ പരിശോധന ആവശ്യമാണ്. കൊലപാതകം നടന്ന വീട്ടില്‍ തിങ്കളാഴ്ചയും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനക്കെത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. കെ പ്രസന്നന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് പരിശോധനക്കെത്തിയത്.
കൊലപാതം നടന്ന രീതി ദുരൂഹമാണെന്ന വിലയിരുത്തലിലാണ് ഈ സംഘവും എത്തിച്ചേര്‍ന്നതെന്നാണ് സൂചന. മോഷണശ്രമമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് ആദ്യം വിലയിരുത്തിയെങ്കിലും ഇത് സാധുകരിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനായിട്ടില്ല. വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും പൂര്‍ണമായും നഷ്ടപ്പെടാത്തതാണ് പൊലീസിനെ കുഴക്കുന്നത്. വീട്ടില്‍ ബലംപ്രയോഗിച്ച് മോഷ്ടാക്കള്‍ എത്തിയെന്ന കാര്യത്തിലും തെളിവൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേ സമയം ഇരുവരെയും കൊല്ലാനുപയോഗിച്ച ആയുധം ഒന്നുതന്നെയാണെന്നാണ് നിഗമനം.