അയോദ്ധ്യയില്‍ കല്ലുകള്‍ എത്തിക്കുന്നു; രാമക്ഷേത്ര നിര്‍മ്മാണം സജീവമാക്കി വിഎച്ച്പി

By Web DeskFirst Published Oct 18, 2017, 6:44 PM IST
Highlights

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി വിശ്വഹിന്ദു പരിഷത്ത്. ക്ഷേത്ര നിര്‍മ്മാണത്തിന് കൂടുതല്‍ കല്ലുകള്‍ വി.എച്ച്.പി അയോദ്ധ്യയിലെത്തിച്ചു. അയോദ്ധ്യയിലായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദീപാവലി ആഘോഷം. അതിനിടെ ശിവക്ഷേത്രം പൊളിച്ചാണ് താജ്മഹല്‍ നിര്‍മിച്ചതെന്ന ബി.ജെ.പി എം.പി വിനയ് കട്യാറിന്റെ പരാമര്‍ശം വിവാദമായി

ഒരു ഇടവേളയ്‌ക്ക് ശേഷം അയോദ്ധ്യ, ഉത്തര്‍പ്രദേശില്‍ ചര്‍ച്ചാ വിഷയമാകുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് മൂന്ന് ട്രാക്കുകളിലായി കല്ലുകള്‍ വിശ്വഹിന്ദു പരിഷത്ത് അയോദ്ധ്യയിലെത്തിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ശില്‍പ്പിമാരെ എത്തിച്ച് രാമക്ഷേത്രം നിര്‍മ്മിക്കാനാണ് വി.എച്ച്.പി തീരുമാനം. അടുത്തമാസം 24ന് കര്‍ണാടകയിലെ ഉഡുപ്പിയില്‍ ചേരുന്ന വി.എച്ച്.പി സമ്മേളനത്തില്‍ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍  ചര്‍ച്ച ചെയ്യും. അതിനിടെ അയോദ്ധ്യയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു. അയോദ്ധ്യയില്‍ സരയൂ നദിതീരത്ത് 196 കോടി രൂപ മുടക്കില്‍ 100 മീറ്റര്‍ ഉയരത്തില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് യോഗിയുടെ അയോദ്ധ്യാ സന്ദര്‍ശനം. 

തേജോമഹല്‍ എന്ന ഹിന്ദു ക്ഷേത്രമായിരുന്നു താജ്മഹല്‍ എന്ന് ബിജെപിയുടെ രാജ്യ സഭാ എം.പി വിനയ് കത്യാറിന്റെ പരാമര്‍ശം . 
താജ്മഹലിനായി ഷാജഹാന്‍ ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്നും താജ്മഹല്‍ പൊളിക്കണമെന്ന അഭിപ്രായമില്ലെന്നും കത്യാര്‍ പറഞ്ഞു. നേരത്തെ താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്നും ഇന്ത്യയുടെ പൈതൃകത്തിന് അപമാനമാണെന്നുമുള്ള ബി.ജെ.പി എം.എല്‍.എ  സംഗീത് സോമിന്റെ പരാമര്‍ശം വിവാദമായിരുന്നു.

click me!