വി.എച്ച്.പിയുടെ രഥയാത്രക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

By Web DeskFirst Published Mar 20, 2018, 5:17 PM IST
Highlights

യാത്രക്കെതിരെ പ്രതിഷേധിച്ച വിടുതലൈ സിരുത്തെ നേതാവ് തിരുമാവളവന്‍ അടക്കം വിവിധ പാര്‍ട്ടികളില്‍പ്പെട്ട 33 പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്.

ചെന്നൈ: വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്‌ക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും. യാത്രക്കെതിരെ തിരുനെല്‍വേലിയില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് തിരുനെല്‍വേലി ജില്ലയില്‍ മാര്‍ച്ച് 23 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വി.എച്ച്.പിയുടെ രഥം സംസ്ഥാനത്തേക്കു പ്രവേശിക്കുന്നത് ക്രമസമാധാന ലംഘനത്തിനിടയാക്കുമെന്ന് ആരോപിച്ച് ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. നാല് സ്വതന്ത്ര എം.എല്‍.എമാരും ഇവര്‍ക്ക് പിന്തുണ നല്‍കി. തുടര്‍ന്ന് റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്റ്റാലിനെയും പാര്‍ട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.‌ യാത്രക്കെതിരെ പ്രതിഷേധിച്ച വിടുതലൈ സിരുത്തെ നേതാവ് തിരുമാവളവന്‍ അടക്കം വിവിധ പാര്‍ട്ടികളില്‍പ്പെട്ട 33 പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ യാത്രയില്‍ രാഷ്‌ട്രീയം കാണേണ്ടതില്ലെന്ന് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. അയോധ്യയില്‍നിന്ന് ആരംഭിച്ച് മാര്‍ച്ച് 25നു രാമേശ്വരത്ത് അവസാനിക്കുന്ന വിധത്തിലാണു രഥയാത്ര ക്രമീകരിച്ചിരിക്കുന്നത്.

click me!