
ജയ്‍പൂര്‍ : മതസ്പര്‍ദ്ധ പരത്തുന്ന രീതിയിലുള്ള ലഘുലേഖകളുമായി വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകരും. മുസ്‌ലിംകൾ ലൗജിഹാദ് നടത്താൻ തക്കം പാത്തിരിക്കുകയാണെന്നു ആരോപിക്കുന്ന ലഘുലേഖകളില്‍ ആമിർ ഖാനും സെയ്ഫ് അലി ഖാനുമാണ് ഇതിന്റെ ഉദാഹരണമെന്നു പറയുന്നു. കരീന കപൂര്‍ ലവ് ജിഹാദിന്റെ ഇരയാണെന്നും ആരോപണമുണ്ട്. ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്നാണ് ലഘുലേഖയിലെ പ്രധാന ആരോപണം.
മുസ്‍ലിങ്ങളെക്കുറിച്ച് വീടുകളില്‍ സംസാരിക്കുമ്പോൾ ഭീകരർ, രാജ്യദ്രോഹികൾ, പാക്ക് അനുകൂലികൾ, കള്ളക്കടത്തുകാർ എന്നിങ്ങനെ പറയണമെന്നും ലഘുലേഖയിൽ ആവശ്യപ്പെടുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ കരുതലോടെ ഇരിക്കണമെന്നും ലവ് ജിഹാദിന് ഇരകളാകുന്നവര്‍ രക്ഷപെടാന്‍ വിശ്വഹിന്ദു പരിഷത്ത് പൂജാരികളെ സമീപിക്കണമെന്നും ലഘുലേഖയില്‍ നിര്‍ദേശിക്കുന്നു. സിന്ദൂരവും വളകളും അണിയേണ്ടതും കുടുംബങ്ങളില്‍ ഹിന്ദുമൂല്യങ്ങള്‍ പുലര്‍ത്തണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നു. രാജസ്ഥാനില്‍ നടക്കുന്ന ആദ്ധ്യാത്മിക മേളയിലാണ് ലഘുലേഖ വില്‍പന നടക്കുന്നതി. രാജസ്ഥാനിലെ സ്കൂളുകളിലെ പെണ്‍കുട്ടികളോട് മേള സന്ദര്‍ശിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഹിന്ദു പെൺകുട്ടികള്‍ ലൗ ജിഹാദിൽ അകപ്പെടുന്നത് തടയാൻ ഈ മേള സഹായകമാകുമെന്നാണു വിശ്വ ഹിന്ദു പരിഷത്തിന്റേയും ബജ്റംഗ്‍ദളിന്റേയും വിലയിരുത്തല്‍. ഹിന്ദുക്കളുടെ എല്ലാ പ്രധാനദിനങ്ങളും പൂര്‍ണമായും പരമ്പരാഗത രീതിയില്‍ ആഘോഷിക്കണമെന്നും ഹിന്ദു ധര്‍മത്തിനെതിരായി പ്രവര്‍ത്തിക്കുന്നത് മഹാപാപമാണെന്നും ലഘുലേഖ വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam