ധനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നു പിടിച്ചു; തനിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചു: വീട്ടമ്മ

By Web DeskFirst Published Aug 3, 2016, 7:56 PM IST
Highlights

കൊച്ചി: തന്നെ അപമാനിച്ചത് ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ ധനേഷ് മാത്യൂ മാഞ്ഞൂരാനാണെന്ന് ആവർത്തിച്ച് പരാതിക്കാരിയായ വീട്ടമ്മ രംഗത്ത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ധനേഷും കുടുംബവും തന്റെ വീട്ടിലെത്തിയിരുന്നുവെന്നും കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങള്‍ക്കു തുടക്കം കുറിച്ച കേസില്‍ സുപ്രധാന വഴിത്തിരിവായിരിക്കുകയാണ് യുവതിയുടെ പരസ്യ വെളിപ്പെടുത്തല്‍.

 

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തന്നെ ധനേഷ് മാത്യൂ കടന്നു പിടിച്ചതെന്ന് പരാതിക്കാരി പറയുന്നു. കോൺവെന്റ് റോഡിൽ വെച്ചായിരുന്നു സംഭവം. ധനേഷിനെ തനിക്കു നേരത്തെ അറിയില്ല. നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പോലീസിന് കൈമാറി. പിറ്റേന്ന് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനേഷും കുടുംബവും വീട്ടിലെത്തി. ധനേഷിന്റെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും തെറ്റുപറ്റിയെന്നും കുടുംബ ജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം കണ്ണീരോടെ അഭ്യര്‍ഥിച്ചു. ആ സമയം അയാള്‍ മാപ്പും പറഞ്ഞു. കാന്‍സര്‍ ബാധിതയായ കുട്ടിയടക്കം രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും കുടുംബം തകര്‍ക്കരുതെന്നും പറഞ്ഞു. കുടുംബത്തിന്റെ കണ്ണീർ കണ്ടാണ് വെളളപേപ്പറിൽ ഒപ്പിട്ട് നൽകിയത്. എന്നാൽ ഇത് കൈക്കലാക്കിയശേഷം തനിക്കെതിരെ അപവാദവുമായി ചിലർ ഇറങ്ങി. അതുകൊണ്ടാണ് ഇപ്പോൾ മുഴുവൻ കാര്യവും വെളിപ്പെടുത്തുന്നത്. കേസന്വേഷിക്കുന്ന സിഐ രാധാമണി മുൻപാകെ പ്ലീഡർക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതിയിലും മൊഴി നൽകി. കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി പറയുന്നു.

ധനേഷ് യുവതിയെ കടന്നു പിടിച്ചതായി നേരത്തെ ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. എം ജി റോഡിൽ ഹോട്ടൽ നടത്തുന്ന ഷാജിയാണ് സംഭവം നേരിട്ട് കണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. കേസ് റദ്ദാക്കാനാകില്ലെന്നു കഴിഞ്ഞദിവസം പൊലീസും കോടതിയില്‍ നിലപാടെടുത്തിരുന്നു. നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചത് ധനേഷ് മാഞ്ഞൂരാന്‍ തന്നെയാണെന്നാണ് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ട്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പോലീസിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധനേഷ് മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ധനേഷിനെതിരെ 35 ഓളം സാക്ഷികളും മൊഴി നല്‍കി. ധനേഷിന്റെ പിതാവും ബന്ധുക്കളും പരാതിക്കാരിയുടെ വീട്ടിലെത്തി സത്യവാങ്മൂലം ബലമായി എഴൂതി വാങ്ങിയിരുന്നു. സമ്മര്‍ദ്ദം ചെലുത്തിയാണിത് ചെയ്തത്. തമ്മനം സ്വദേശിയായ ഗുണ്ടയെ ഇതിനായി ഉപയോഗിച്ചുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ തന്‍റെ മകന്‍ തെറ്റ് ചെയ്തതായി സമ്മതിച്ച് അഭിഭാഷകന്‍റെ പിതാവ്,യുവതിക്ക്  മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കിയ കത്തും പുറത്തു വന്നിരുന്നു. പ്രതിയെ അറിയില്ലെന്ന് സത്യവാങ്മൂലത്തില്‍  നിര്‍ബന്ധിച്ച് ഒപ്പിടിച്ചതിന് പകരമായാണ് ഇത്തരമൊരു കത്ത് യുവതിക്ക് ല്‍കിയത്. ധനേഷിന്‍റെ സഹോദരനും അയല്‍വാസിയും സാക്ഷികളായി ഇതില്‍ ഒപ്പിട്ടുണ്ട്. സ്ത്രീപീഡനത്തിന് ശിക്ഷ കിട്ടാവുന്ന കുറ്റം തന്‍റെ മകന്‍ ചെയ്തിട്ടുണ്ടെന്ന് ഈ കത്തില്‍ സമ്മതിക്കുന്നുണ്ട്. ഇനി മേലില്‍  ഇതിന്‍റെ പേരില്‍ തന്‍റെ മക്കളോ ബന്ധുക്കളോ  യുവതിയെ ശല്യപ്പെടുത്തില്ലെന്നും കത്തിലുണ്ട്. ഈ കത്ത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു.

കഴിഞ്ഞ 14ആം തീയതി രാത്രി ഏഴു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഹൈക്കോടതി വളപ്പിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. കോടതി റിപ്പോര്‍ട്ടിംഗില്‍ അപ്രഖ്യാപിത വിലക്കുമുണ്ടായി. കോഴിക്കോട് കോടതിയില്‍ ഐസ്ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

click me!