ട്രംപിന്റെ ആലിംഗനം തടയാന്‍ ഹിലരി പരിശീലനം നടത്തിയിരുന്നു

By Web DeskFirst Published May 20, 2017, 10:44 PM IST
Highlights

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം നടന്ന വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന പ്രസിഡന്റ് ഡൊണാണ്‍ഡ് ട്രംപും തമ്മില്‍ പലതവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിച്ചവരിലൊരാളായ ഫിലിപ്പ് റെയ്നസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ പറയുന്നത് രസകരമായ മറ്റൊരു കഥയാണ്. പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദത്തിന് മുന്നോടിയായി സ്റ്റേജിലെത്തുമ്പോള്‍ ആലിംഗനം ചെയ്യാനൊരുങ്ങുന്ന ട്രംപിനെ എങ്ങനെ തന്ത്രപൂര്‍വം ഒഴിവാക്കാമെന്ന് ഹിലരി പരിശീലിക്കുന്ന വീഡിയോ ആണ് റെയ്നസ് പുറത്തുവിട്ടത്.

ട്രംപിന്റെ അപരനായി സ്റ്റേജിലെത്തുന്നത് ഹിലരിയുടെ സഹായി ആണ്. ഇരുവരും സംവാദത്തിനായി സ്റ്റേജിലെത്തുന്നതും ഹിലരി ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ ആലിംഗനം ചെയ്യാനായി ട്രംപിന്റെ അപരന്‍ വരുന്നതുമാണ് രസകരമായ വീഡിയോയിലുളളത്. ആലിംഗനം ചെയ്യാനുള്ള ശ്രമം കൈകൊണ്ട് തട്ടിമാറ്റി ഹിലരി മുന്നോട്ടുപോകുമ്പോള്‍ സഹായി ഹിലരിയെ ഓടിച്ചിട്ട് പിടികൂടുന്നത് കണ്ടുനില്‍ക്കുന്നവരില്‍ കൂട്ടച്ചിരി പടര്‍ത്തുന്നതും വിഡിയോയിലുണ്ട്.

സംവാദത്തിനിടെ ട്രംപ് ആലിംഗനം ചെയ്യുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് ഉറപ്പില്ലായിരുന്നുവെന്നും അങ്ങനെയൊരു സാഹചര്യം വന്നാല്‍ എങ്ങനെ നേരിടുമെന്ന് പരിശീലിക്കുകമാത്രമായിരുന്നുവെന്നും റെയ്നസ് പ്രതികരിച്ചത്.

click me!