ജേക്കബ് തോമസിനെതിരായ സ്വത്ത് സമ്പാദനക്കേസില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്

By Web DeskFirst Published Jun 24, 2017, 1:02 PM IST
Highlights

തിരുവനന്തപുരം: ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്. ആരോപണം രേഖാമൂലം തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്. അതേ സമയം കേസ് വിജിലന്‍സ്  അട്ടിമറിച്ചെന്നും കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനായ സത്യന്‍ നരവൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പുതിയ പൊലീസ് മേധാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ജേക്കബ് തോമസിനെതിരെ പരാതി ഉയര്‍ന്നത്. കണ്ണൂര്‍ സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സത്യന്‍ നരവൂരാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. 2001ല്‍ ഇസ്രോടെക് എന്ന കമ്പനിയുടെ ഡയറക്ടര്‍ എന്ന പേരില്‍ ജേക്കബ് തോമസും ഭാര്യയും രാജപാളയത്ത് 100 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് പരാതി. ഇക്കാര്യം സര്‍ക്കാറില്‍ നിന്നും മറച്ചുവെച്ചുവെന്നും സത്യന്റെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എസ്‌പി സത്യനില്‍ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തു. ആരോപണത്തില്‍ ഉറച്ചു നിന്ന സത്യന്‍ ഭൂമിയുടെ പ്രമാണത്തിന്റെയും ജേക്കബ് തോമസ് സര്‍ക്കാറിന് നല്‍കിയ സ്വത്ത് വിവരങ്ങളുടേയും പകര്‍പ്പുകള്‍ ഹാജരാക്കി. ഈ രേഖകളുടെ ആധികാരികത തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്ന വാദമുയര്‍ത്തിയാണ് ആക്ഷേപം വിജിലന്‍സ് എസ്പി തള്ളിയത്. പരാതി നിലനില്‍ക്കില്ലെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം രേഖകളുടെ ആധികാരികത വിജിലന്‍സ് കൃത്യമായി പരിശോധിച്ചില്ലെന്നും പരാതി അട്ടിമറിച്ചെന്നും സത്യന്‍ നരവൂര്‍ ആരോപിച്ചു. ജേക്കബ് തോമസിനെതിരായ പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സത്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!