പൊതുമരാമത്ത് മന്ത്രിയും ഉദ്യോഗസ്ഥരും കോഴവാങ്ങിയെന്ന് വിജിലന്‍സ്

By Web DeskFirst Published May 11, 2016, 4:25 PM IST
Highlights

പൊതുമരാമത്ത് ജോലികളുടെ മറവില്‍ നടക്കുന്ന അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. വിജലന്‍സ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് എം ഷെഫീഖിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറായിരുന്നു വിന്‍സന്‍ എം പോളാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ആഭ്യന്തരവകുപ്പിന് കൈമാറിയത്. മരാമത്ത് പണികളുടെ എസ്റ്റിമേറ്റ് പുതുക്കി നല്‍കിയും പലപ്പോഴായി ചേയ്യേണ്ട പണി ഒരുമിച്ച് ചെയ്യാന്‍ അനുമതി നല്‍കിയും ച്യൊത്ത പണിക്ക് പണിക്ക് പണം അനുവദിച്ചുമാണ് വന്‍തുക കോഴ വാങ്ങുന്നത്. പൊതുമരാമത്ത് മന്ത്രിക്കും ധനമന്ത്രിക്കും ഇടപാടില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നത്. ഒപ്പം ഇരുവകുപ്പുകളിലെയും സെക്രട്ടറിമാരും പി ഡബ്ല്യൂ ഡി ചീഫ് എഞ്ചിനീയര്‍മാരും കരാറുകാരുമായി ഒത്തുകളിച്ചാണ് പണം തട്ടുന്നത്. സ്ഥലംമാറ്റത്തിന്  രാഷ്ട്രീയനേതാക്കള്‍ക്കും ഏജന്റുമാര്‍ക്കും കരാറുകാര്‍ വഴി പിരിച്ചു നല്‍കുന്ന കോഴകണക്കും റിപ്പോര്‍ട്ടിലുണ്ട്. മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ നല്‍കണം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ 10 ലക്ഷമാണ് നല്‍കേണ്ടത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കൊടുക്കേണ്ടതാകട്ടെ 20 ലക്ഷം. അഴിമതിയുടെ പേരില്‍ പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ചീഫ് എഞ്ചിനീയര്‍മാരെ വകുപ്പ് മന്ത്രിമാര്‍ പോലും അറിയാതെ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം ഘടകകക്ഷിമന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കണ്ടെത്തലില്‍ നടപടി നീളുന്നതിന് പിന്നില്‍ രാഷ്ട്രീയസമ്മര്‍ദ്ദമാണെന്നുറപ്പാണ്. ഈ വിഷയത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി പ്രതികരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിവാദം ശക്തമായിട്ടും ആഭ്യന്തരവകുപ്പ് വിശദീകരിക്കാന്‍ തയ്യാറായില്ല.

click me!