വിജിലന്‍സ് റൈഡ്; റേഷന്‍ കടകളില്‍ വന്‍ ക്രമക്കേട്

By web deskFirst Published Jan 6, 2018, 8:08 AM IST
Highlights

തിരുവനന്തപുരം:  കേരളത്തിലെ റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും രേഖകളില്‍ കൃത്രിമം നടത്തുന്നതായും പരിശോധനയില്‍ കണ്ടെത്തി. അളവു തൂക്കത്തിലും കൃത്രിമം കണ്ടെത്തിയതായി വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പൂഴ്ത്തിവച്ചിട്ടുള്ള സാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി 73 -ാം നമ്പര്‍ റേഷന്‍കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 47 കിലോ പച്ചരിയും 34.5 കിലോ പുഴുക്കലരിയും കൂടിയ വിലയ്ക്ക് വിറ്റതായി കണ്ടെത്തി. കടയുടെ മുകളിലത്തെ മുറിയില്‍നിന്ന് 94 കിലോ പുഴുക്കലരി കണ്ടെത്തി. സംസ്ഥാനത്തെ ഒട്ടുമിക്ക റേഷന്‍കടകളിലെയും മണ്ണെണ്ണ, അരി, ആട്ട, ഗോതമ്പ് തുടങ്ങിയവയുടെ സ്റ്റോക്കുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. 

റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ സാധനങ്ങള്‍ വാങ്ങിയതായി നാള്‍വഴി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. ഉപഭോക്താവിന് വിതരണം നടത്താതെ വിതരണം നടത്തിയതായി രേഖപ്പെടുത്തിയ റേഷന്‍ സാധനങ്ങളാണ് കരിഞ്ചന്ത വഴി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. വില്പന നടത്തുന്ന ധാന്യങ്ങളുടെ അളവും തൂക്കവും പല കടകളിലും ശരിയായി രേഖപ്പെടുത്തിയിട്ടില്ല. ചില കടകള്‍ ലൈസന്‍സ് അനുവദിച്ച കെട്ടിടത്തിലല്ല പ്രവര്‍ത്തിച്ചിരുന്നത്. ചില റേഷന്‍കടകളില്‍ ത്രാസില്‍ മുദ്ര പതിപ്പിച്ചിരുന്നില്ലെന്നും കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ റേഷന്‍ കടക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു.

click me!