വിജയ് റുപാനി ഗുജറാത്ത് മുഖ്യമന്ത്രി

By Web DeskFirst Published Aug 5, 2016, 7:12 AM IST
Highlights

ഗുജറാത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയാകും. അമിത്ഷാ,നിതിന്‍ ഗഡ്കരി തുടങ്ങിയ കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത് ബിജെപി നിയമസഭാ കക്ഷിയോഗമാണ് വിജയ് രൂപാണിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. നിതിന്‍ പട്ടേലിന്, ആനന്ദി ബെന്‍ പട്ടേലിന്‍റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നിട്ടും തന്‍റെ വിശ്വസ്തനായ വിജയ് രൂപാണിയ മുഖ്യമന്ത്രിയാക്കാനായത് അമിത്ഷായുടെ വിജയമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ അനുഗ്രഹാശ്ശിസ്സുകളോടെ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന നിതിന്‍ പട്ടേലിനെ മറികടന്ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക്. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്‍റെയും പട്ടേല്‍ സമുദായത്തിന്‍റെയും പിന്തുണ നിതിന്‍ പട്ടേലിനായിരുന്നെങ്കിലും നിയമസഭാകക്ഷി യോഗം ചേരുന്നതിന് തൊട്ടു മുന്‍പാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഗുജറാത്തില്‍ തന്‍റെ ഏറ്റവും അടുത്ത വിശ്വസ്തനായ വിജയ് രൂപാണിക്ക് വേണ്ടി അമിത്ഷാ ശക്തമായി നിലയുറപ്പിക്കുകയായിരുന്നു. ആനന്ദി ബെന്‍ പട്ടേല്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും മറ്റ് ദേശീയ നിരീക്ഷകര്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. നിയുക്ത മുഖ്യമന്ത്രി വിജയ് രൂപാണി സൗരാഷ്‌ട്രയില്‍ നിന്നുമുള്ള നേതാവാണ്. പട്ടേല്‍ സമുദായ അംഗമല്ലെങ്കിലും പട്ടേല്‍ ശക്തി കേന്ദ്രമായ സൗരാഷ്‌ട്രയില്‍ വിജയ് രൂപാണിക്കുള്ള സ്വാധീനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു അമിത്ഷായുടെ അവകാശവാദം. ഇതിന് പാര്‍ട്ടിയിലും എംഎല്‍എമാര്‍ക്കിടയിലും സ്വീകാര്യത ഉറപ്പിക്കുന്നതിലും അമിത്ഷാ വിജയിച്ചു. ഒപ്പം ആനന്ദി ബെന്‍ പട്ടേലിനെയും ,പാട്ടീദാര്‍ സമുദായത്തെയും അനുനയിപ്പിക്കാന്‍ കീഴ്വഴക്കങ്ങള്‍ മറികടന്ന് ഉപമുഖ്യമന്ത്രി പദത്തിലേക്ക് നിതിന്‍ പട്ടേലിനെയും തീരുമാനിക്കുകയായിരുന്നു.  പട്ടേല്‍ -ദളിത് പ്രക്ഷോഭങ്ങളില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ നേരിടുന്നത്. 2017 അവസാനമാണ് ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പ്. 15 മാസം എന്ന ചെറിയ കാലയളവിനുള്ളില്‍ സര്‍ക്കാറിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന് വെല്ലുവിളായാണ് വിജയ് രൂപാണിക്ക് മുന്നിലുള്ളത്.

 

click me!