ഈ രണ്ടുവയസ്സുകാരി കരയുന്നത് എന്തിനാണെന്ന് അറിയാമോ? വൈറലായി ഒരു ഫോട്ടോ

Web Desk |  
Published : Jun 20, 2018, 11:16 PM ISTUpdated : Jun 29, 2018, 04:06 PM IST
ഈ രണ്ടുവയസ്സുകാരി കരയുന്നത് എന്തിനാണെന്ന് അറിയാമോ? വൈറലായി ഒരു ഫോട്ടോ

Synopsis

ഹോണ്ടുറാസിൽ നിന്നുള്ള അഭയാർത്ഥി കുഞ്ഞാണിത് അമ്മയെ സുരക്ഷാ പരിശോധനയ്ക്ക് വിധേയയാക്കുന്നു ട്രംപിന്റെ സെപ്പറേഷൻ പോളിസി

മെക്സിക്കോ: മെഡിറ്ററേനിയൻ കടൽത്തീരത്ത് കമിഴ്ന്നു മരിച്ചുകിടന്ന ഐലാൻ കുർദ്ദിയെന്ന മൂന്നുവയസ്സുകാരനെ ആരും മറന്നിട്ടുണ്ടാകില്ല. സിറിയൻ അഭയാർത്ഥികളുടെ ദുരിതജീവിതത്തിന്റെ ഇരയായിട്ടാണ് ഈ കുഞ്ഞ് അങ്ങനെ മരിച്ചു കിടന്നത്. ഇപ്പോൾ മറ്റൊരു രണ്ടുവയസ്സുകാരി അമ്മയെ നോക്കി വിതുമ്പിക്കരഞ്ഞ് ലോകത്തോട് മറ്റൊരു ദുരിതത്തെക്കുറിച്ച് വിളിച്ചു പറയുന്നു. അമ്മയുടെ നേർക്ക് മുഖമുയർത്തി വിതുമ്പിക്കരയുന്ന ഈ കുഞ്ഞാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ സങ്കടമുഖം. 

ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിൽ അന്വേഷിച്ചതും ഇവളെക്കുറിച്ചാണ്. യുഎസ്-മെക്സിക്കോ അതിർത്തിയിലാണ് ഈ അമ്മയും മകളും നിൽക്കുന്നത്. ഹോണ്ടുറാസിൽ‌ നിന്നുള്ള അഭയാർത്ഥികളായിരുന്നു ഈ അമ്മയും കുഞ്ഞും. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമേരിക്കയുടെ ഫെഡറൽ ഏജന്റുമാരുടെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടിവന്നു. കുഞ്ഞിനെ താഴെ നിർത്താൻ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതിനനുസരിച്ച് ആ സ്ത്രീ അനുസരിച്ചു. മതിയായ രേഖകളില്ലാത്ത അതിർത്തിയിലെത്തുന്ന അഭയാർത്ഥികളോട് കടുത്ത നടപടി സ്വീകരിക്കാൻ വേണ്ടിയാണ് ഈ സുരക്ഷാ പരിശോധന. 

ഫോട്ടോ​ഗ്രാഫറായ ജോൺ മൂറാണ് ഈ ചിത്രം ക്യാമറയിലാക്കിയിരിക്കുന്നത്. ഒരച്ഛനെന്ന നിലയിൽ ഈ ഫോട്ടോയെടുക്കുക എന്നത് തന്നെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു എന്നാണ് ജോൺ മൂറിന്റെ വാക്കുകൾ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ച് ഫോട്ടോയുടെ തലക്കെട്ടായി മൂർ ഇങ്ങനെയാണ് എഴുതിച്ചേർത്തത്. -ഒരു പരമ്പരയിലെ ഒരെണ്ണം മാത്രമാണിത്.- പത്ത് വർഷമായി അഭയാർത്ഥികളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോ​ഗ്രാഫറാണ് മൂർ. മൂന്നു തവണ മികച്ച വേൾഡ് പ്രസ് ഫോട്ടോ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.  

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭയാർത്ഥി വിരുദ്ധ മനോഭാവത്തിന്റെ അടയാളമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ മതിയായ രേഖകളില്ലാതെ എത്തുന്ന അഭയാർത്ഥി കുടുംബങ്ങളിലെ കുഞ്ഞുങ്ങളെ മാതാപിതാക്കളിൽ‌ നിന്ന് വേർപിരിക്കുക എന്ന നയമാണ് ട്രംപ് ​​ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നത്. ഈ നയത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. ഇതിനകം രണ്ടായിരം കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്നത്. ഏപ്രിൽ മെയ് മാസങ്ങളിലായി ആറാഴ്ചകൾക്കുള്ളിൽ 1940 മാതാപിതാക്കളിൽ നിന്ന് വേർപെട്ട് പോയത് 1995 കുഞ്ഞുങ്ങളാണ്. കുടിയേറ്റക്കാരെ ക്രിമിനലുകൾ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയാണ് ലക്ഷ്യമാക്കുന്നതെന്നും അതിനാൽ‌ സെപ്പറേഷൻ പോളി‌സിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു