
ദില്ലി: പ്രമുഖ ഐടി കന്പനി ഇന്‍ഫോസിസിന്‍റെ മേധാവി വിശാൽ സിക്ക രാജിവച്ചു. ബോർഡുമായി തുടർച്ചയായുണ്ടായ തർക്കങ്ങളാണ് സിക്കയുടെ രാജിയിലേക്ക് നയിച്ചത്. പ്രവീൺ റാവുവിനെ ഇൻഫോസിസ് ഇടക്കാല സിഇഒയായി നിയമിച്ചു.
ഇൻഫോസിസിന് അകത്ത് മാസങ്ങളായി പുകഞ്ഞ പ്രശ്നങ്ങൾ ഒടുക്കം വിശാൽ സിക്കയുടെ സിഇഒ കസേര തെറിപ്പിച്ചു. സിക്കയുടെ രാജിക്കത്ത് കിട്ടിയതായി ഇൻഫോസിസ് സ്ഥിരീകരിച്ചു. പ്രവീണ്‍ റാവുവിന് ഇടക്കാല സിഇഒ ചുമതല നൽകി.
സ്ഥാപക നിക്ഷേപകരും ബോർഡുമായി നിരന്തരം ഏറ്റുമുട്ടൽ നടത്തിയാണ് വിശാൽ സിക്കയ്ക്ക് വിനയായത്. സിക്കയുടെ ശന്പളം കുത്തനെ വർദ്ധിപ്പിച്ചതും മുൻ സിഎഫ്ഒ രാജീവ് ബൻസാലിന് വിരമിച്ചതിന് ശേഷം 17.5 കോടി രൂപ നൽകാൻ തീരുമാനിച്ചതുമെല്ലാം വിവാദമായിരുന്നു. കൂടിയാലോചനകളില്ലാതെ സിക്ക തീരുമാനങ്ങളെടുക്കുന്നതിൽ പ്രതിഷേധിച്ച് നാരായണ മൂർത്തിയടക്കമുള്ള സ്ഥാപകർ ബോർഡിന് കത്തയച്ചിരുന്നു. ഇൻഫോസിസിന്‍റെ മൂല്യങ്ങൾ ഉൾക്കൊള്ളാതെയാണ് സിക്കയുടെ പ്രവർത്തനമെന്നും മൂർത്തി ആരോപിച്ചിരുന്നു. ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആയിരുന്നു വിശാൽ സിക്ക.
സിഇഒ സ്ഥാനം രാജിവച്ചെങ്കിലും വിശാല്‍ സിക്ക ഇനി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി തുടരും. സിക്ക രാജിവച്ചെന്ന വാർത്തയ്ക്ക് പിന്നാലെ ഓഹരി വിപണിയിൽ ഇൻഫോസിസിന്‍റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam