സ്ഥാനം ചോദിച്ചു കുറിപ്പ് നല്‍കിയെന്നതു പച്ചക്കള്ളമെന്നു വി.എസ്

Published : Jun 01, 2016, 03:14 AM ISTUpdated : Oct 04, 2018, 07:15 PM IST
സ്ഥാനം ചോദിച്ചു കുറിപ്പ് നല്‍കിയെന്നതു പച്ചക്കള്ളമെന്നു വി.എസ്

Synopsis

തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ ചോദിച്ചു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്ത് നല്‍കിയെന്നതു പച്ചക്കള്ളമാണെന്നു വി.എസ്. അച്യുതാനന്ദന്‍. തനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ ഒരു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്കിടയില്‍ കുറിപ്പ് നല്‍കേണ്ടതില്ലെന്നും, അതിനു മുന്‍പുള്ള ദിവസങ്ങളില്‍ താനും യെച്ചൂരിയും പലതവണ കണ്ടിരുന്നതാണെന്നും വി.എസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പദവി ചോദിച്ച് സീതാറാം യെച്ചൂരിക്കു താന്‍ കത്ത് നല്‍കിയെന്നു പ്രചരിപ്പിക്കാന്‍ കേരളത്തിലെ ഒരു പത്രം നടത്തിയ ശ്രമങ്ങള്‍ മാധ്യമ ഗവേഷകര്‍ ഭാവിയില്‍ പഠനവിഷയമാക്കുമെന്നു വി.എസ്. പറയുന്നു. യെച്ചൂരിക്ക് ഞാന്‍ ഒരു കുറിപ്പുനല്‍കുന്നത്, അതും എനിക്ക് ഏതെങ്കിലും സ്ഥാനമാനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഊരുംപേരുമൊന്നുമെഴുതാതെ ഒരു വെള്ളക്കടലാസില്‍ ആരെയോ കൊണ്ട് കൈപ്പടയിലെഴുതിപ്പിച്ചായിരിക്കുമോ എന്നൊന്നും ചിന്തിക്കാതെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു ആ പത്രം.

എനിക്ക് ഔപചാരിക വിദ്യാഭ്യാസം കാര്യമായിട്ടില്ലെങ്കിലും മലയാളത്തിലും അത്യാവശ്യം ഇംഗ്ലീഷിലും എഴുതാനും വായിക്കാനും ഇപ്പോഴും കഴിവുണ്ട്. ഞാന്‍കൂടി നട്ടുനനച്ചുണ്ടാക്കിയ സിപിഎം എന്ന മഹാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഏത് നേതാക്കളോടും എന്തുകാര്യവും നേരിട്ടുപറയാനും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടി വന്നാല്‍ അതിനും എനിക്ക് സ്വാതന്ത്യവുമുണ്ട്. എനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കില്‍ പുതിയ ഒരു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടയില്‍ യെച്ചൂരിക്ക് എന്തെങ്കിലും കുറിപ്പ് നല്‍കേണ്ടതില്ല.

അന്നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഞാനും യെച്ചൂരിയുംമാത്രമായും അല്ലാതെയും പലതവണ കൂടിക്കണ്ടിരുന്നു. അപ്പോഴൊന്നും നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങള്‍ എഴുതിനല്‍കുന്നത് എന്ന വിചിത്രഭാവനയുടെ ഉളുപ്പില്ലായ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല.

യെച്ചൂരിതന്നെ ഇതുസംബന്ധിച്ചു പറഞ്ഞത് പല അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെന്നും അത് കൈമാറി എന്നുമാണ്. അല്ലാതെ ഞാന്‍ ഏതെങ്കിലും പദവി ആവശ്യപ്പെട്ട് കുറിപ്പു നല്‍കി എന്ന് ആ സഖാവ് പറഞ്ഞിട്ടില്ലെന്നും വി.എസ്. പറയുന്നു. 

ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനു താന്‍ സമ്മതിച്ചു എന്ന തലക്കെട്ടില്‍ അതേപത്രത്തില്‍ ഇന്നു പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടും പൂര്‍ണ അസംബന്ധമാണെന്നു വി.എസ്. പറയുന്നു. ഇതേക്കുറിച്ച് സി.പി.എമ്മിന്റെ ഒരു ഘടകത്തിലുമുള്ള ആരും എന്നോട് സംസാരിക്കുകയോ ഞാന്‍ എന്തെങ്കിലും മറുപടി പറയുകയോ ചെയ്തിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരം വാര്‍ത്ത പടച്ചുവിടുന്നവര്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് വരുത്തിവയ്ക്കുന്ന കെടുതികള്‍ ചര്‍ച്ച ചെയ്യണമെന്ന് പൊതുസമൂഹത്തോട് ഞാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.എസ്. പറയുന്നു.

വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ; 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല