
തിരുവനന്തപുരം: എകെജിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെ അമുല്‍ ബേബിയെന്ന് വിളിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. എകെജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ത്ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിന് അമുല്‍ ബേബി എന്ന പേര് ചേരുമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ വി എസ് വിമര്‍ശിച്ചു.
''എ കെ ഗോപാലന്‍ എന്ന പേരിനെ എ കെ ജി എന്നാക്കിയത് ഗസറ്റില്‍ വിജ്ഞാപനംചെയ്ത് അദ്ദേഹം നടത്തിയ പേരുമാറ്റമായിരുന്നില്ല. അദ്ദേഹം ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചതിന് ജനങ്ങള്‍ ആദരവോടെ നല്‍കിയ വിളിപ്പേരായിരുന്നു അത്. മൂന്ന് അക്ഷരങ്ങള്‍കൊണ്ടുള്ള ആ വിളിപ്പേരിന് പിന്നില്‍ സ്‌നേഹത്തിന്റെയും ആദരവിന്റെയും കൃതജ്ഞതയുടെയും കരുതലിന്റെയും അങ്ങനെ മാനുഷികമായ എല്ലാ വിശുദ്ധ വികാരങ്ങളുടെയും സാകല്യാവസ്ഥയായിരുന്നു.'' വി എസ് എഴുതി.
മനുഷ്യത്വമായത് ഒന്നും എനിക്ക് അന്യമല്ല' എന്ന മാര്‍ക്‌സിന്റെ വാക്കുകളെ സ്വന്തം ജീവിതവും പോരാട്ടങ്ങളും കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു എ കെ ജി ചെയ്തത്. അതിന് നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ അച്ചടക്കനിബന്ധനകളുടെയോ വേലിക്കെട്ടുകള്‍ ഒന്നും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. പാവപ്പെട്ടവന് ഭൂമി നല്‍കുന്നതിനുവേണ്ടി തിരുവനന്തപുരത്ത് മുടവന്‍മുകള്‍ കൊട്ടാരത്തിന്റെ മതില്‍ക്കെട്ടുകള്‍ ചാടിക്കടന്നത് ചരിത്രത്തിലെതന്നെ വലിയൊരു പ്രതിഷേധത്തിന്റെ അടയാളമായിരുന്നു.
മിച്ചഭൂമിസമരത്തിന്റെ കാഹളം മുഴക്കി നടന്ന ആലപ്പുഴയിലെ അറവുകാട് സമ്മേളനത്തിലേക്ക് മലബാറില്‍നിന്ന് ജാഥ നയിച്ചതും മറ്റൊരു ചരിത്രമാണ്. പട്ടിണിജാഥ നയിച്ചും എ കെ ജി കേരളത്തിലെ മനുഷ്യരുടെ ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും ചിറകുവിരിക്കുകയായിരുന്നു. ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായി സവര്‍ണമേധാവിത്വത്തിന്റെ അസംബന്ധങ്ങളെ ചോദ്യംചെയ്തത് മറ്റൊരു അധ്യായമാണെന്നും വിഎസ് വ്യക്തമാക്കി.
പേരിന്റെ അക്ഷരങ്ങള്‍ക്കുപിന്നില്‍ തുന്നിച്ചേര്‍ക്കുന്ന ബിരുദങ്ങളാകരുത് ഒരു പൊതുപ്രവര്‍ത്തകനെയും നേതാവിനെയും ഭരിക്കേണ്ടത്. നാടിന്റെയും ജനങ്ങളുടെയും നാഡീസ്പന്ദങ്ങള്‍ തൊട്ടറിയുകയാണ് അതിനാവശ്യം. അതില്ലാതെ വന്നാല്‍, പൊങ്ങുതടിപോലെ നീന്തിനടക്കാമെന്നുമാത്രം. പൊങ്ങുതടികളായി നീന്തിനടന്നവരല്ല ചരിത്രത്തെ മുന്നോട്ടുനയിച്ചിട്ടുള്ളത്. ജീവിതത്തില്‍ ഇടപെടുകയും പോരാടുകയും ജീവിതംതന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരാണ് ചരിത്രത്തിന് കിന്നരികള്‍ ചാര്‍ത്തിയിട്ടുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
''2011ലെ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ അസംബന്ധജടിലവും അര്‍ഥശൂന്യവുമായ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിയെ ഞാന്‍ 'അമൂല്‍ ബേബി' എന്നു വിളിച്ചിരുന്നു. ആ പ്രയോഗത്തിന്റെ സാരസര്‍വസ്വം അക്കാലത്ത് രാഷ്ട്രീയവ്യവഹാരങ്ങളില്‍ നിറഞ്ഞുനിന്നതാണ്. ഇപ്പോള്‍ എ കെ ജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിനും ഈ പ്രയോഗം അന്വര്‍ഥമാണെന്ന് എനിക്കുതോന്നുന്നു'' - വിഎസ്
ഈ വിഷയത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പരാമര്‍ശത്തെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പാര്‍ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞ ആളെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും വിഎസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam