വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗക്കേസ്; പരാതിക്കാരി വീണ്ടും കോടതിയില്‍

By Web DeskFirst Published Dec 16, 2016, 9:54 AM IST
Highlights

പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന് കാണിച്ച് യുവതി വടക്കാഞ്ചേരി സിജെഎം കോടതി മുന്‍പാകെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോള്‍ കേസന്വേഷണം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും പൊലീസിനെതിരെ പരാതിയുമായി യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. 

മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ വച്ച് പേരാമംഗലം സിഐയുടെ നേതൃത്വത്തില്‍ രണ്ട് തവണ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് തുടര്‍ച്ചയായി മൂന്ന് ദിവസം എറണാകുളത്തുള്ള വീട്ടില്‍ വച്ച് കാലത്ത് ഒന്‍പത് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ അന്വേഷണ ഉദ്യോഗസ്ഥ എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ തന്നെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്തു എന്നും കോടതി നിരീക്ഷണം ഏര്‍പ്പെടുത്തിയതിന് ശേഷം വീണ്ടും അന്വേഷണ ഉദ്യോഗസ്ഥയിക്ക് മുന്‍പില്‍ ഹാജരാകണ്ടി വന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

എറണാകുളത്തെ വീടിന്റെ പരിസരപ്രദേശത്തുള്ളവരോട് പരാതിക്കാരിയെ കുറിച്ച് അന്വേഷിച്ച് പൊലീസ് പൊതുജന മദ്ധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. എറണാകുളത്തെ വാടക വീടിന്റെ വാടക കരാര്‍ പൊലീസ് വാങ്ങിയത് അവിടെ തുടരുന്നതിന് പ്രശ്‌നമാകുകയാണ്. പരാതിക്കാരിയെയും കുടുംബത്തെയും ചോദ്യം ചെയ്യുന്നതില്‍ കവിഞ്ഞ് യാതൊരു അന്വേഷണ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും അനാവശ്യമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് അവസാനിപ്പിക്കാന്‍പൊലീസിനോട് ആവശ്യപ്പെടണമെന്നും യുവതി കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
 

click me!