അനധികൃത ക്വാറി; പട്ടയം റദ്ദാക്കാന്‍ നിര്‍ദ്ദേശം, 20 ലക്ഷം പിഴയടക്കണം

By Web DeskFirst Published Mar 4, 2018, 9:06 AM IST
Highlights
  • സ്ഥലം ഉടമക്ക് 20ലക്ഷം പിഴയിട്ടു
  • ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ നിര്‍ദേശം

വയനാട്: കല്‍പറ്റ നഗരത്തില്‍ അനധികൃതമായി കരിങ്കല്‍ ഖനനം നടത്തിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് ജില്ല കലക്ടറുടെ നിര്‍ദേശം. അനുമതിയില്ലാതെ ക്വാറി പ്രവര്‍ത്തിപ്പിച്ചതിന് സ്ഥലം ഉടമയില്‍ നിന്ന് 20 ലക്ഷം രൂപ പിഴ ഈടാക്കും. ഭൂമിയുടെ പട്ടയം റദ്ദാക്കാനും കല്‍പറ്റ വില്ലേജ് ഓഫിസര്‍ക്കെതിരെ നടപടിയെടുക്കാനും ജില്ലാ കലക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശം നല്‍കി.

കല്‍പറ്റ നഗരത്തില്‍ നൂറ് മീറ്റര്‍ അകലെ മാത്രമായിരുന്നു ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ബൈപ്പാസ് റോഡിലെ മൈലാടിപാറക്ക് സമീപത്ത് നിന്ന് മലയിടിച്ച് കരിങ്കല്ലും മണ്ണും കടത്തി കൊണ്ടുപോവുന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു കലക്ടറുടെ നടപടി.

വൈത്തിരി തഹസില്‍ദാര്‍ എം. ശങ്കരന്‍ നമ്പൂതിരി, ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ക്വാറി സന്ദര്‍ശിച്ച് കലക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്?ഥലത്തെത്തി പരിശോധന നടത്തി. ജിയോളജി വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴയിട്ടത്. 

ലാന്റ് അസൈന്‍മെന്റ് നിയമം അനുസരിച്ച് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്ന് വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. കല്‍പറ്റ വില്ലേജിലെ സര്‍വെ നമ്പര്‍ 16ല്‍ പെട്ട ഈ ഭൂമിയില്‍ കൈവശക്കാരന് കൃഷി ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ. ഭൂമിയിലെ  മരങ്ങള്‍, കരിങ്കല്ല്, മണല്‍ തുടങ്ങിയവയൊന്നും വില്‍പ്പന നടത്താന്‍ കൈവശക്കാര്‍ക്ക് അധികാരമില്ല. 

ഈ സാഹചര്യത്തിലാണ് ഭൂപതിവ് ചട്ടം ലംഘിച്ചതായി കണ്ടെത്തി പട്ടയം റദ്ദാക്കാന്‍ നടപടി തുടങ്ങിയത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം കലക്ടര്‍ക്ക് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ക്വാറി പ്രവര്‍ത്തനം സംബന്ധിച്ച് യഥാസമയം റിപ്പോര്‍ട്ട് നല്‍കുന്നതില്‍ കല്‍പറ്റ വില്ലേജ് ഓഫിസര്‍ വീഴചവരുത്തിയതായും കണ്ടെത്തി. ഈ സാഹചര്യത്തില്‍ വില്ലേജ് ഓഫിസര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. 

click me!