
തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വര്‍ണാഭമായ പരിപാടികളോടെയാണ് പുതുവത്സരാഘോഷം നടന്നത്. വിവിധ സംഘടനകളും ക്ലബ്ബുകളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമൊക്കെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. നോട്ട് പ്രതിസന്ധിയൊന്നും കോവളത്തെ ഹോട്ടലുകളിലെ പുതുവര്‍ഷാഘോഷത്തിന്റെ പൊലിമ കുറച്ചില്ല. വന്‍തിരക്കാണ് ഹോട്ടലുകളിലെല്ലാം ഉണ്ടായിരുന്നത്. പാട്ടും നൃത്തവും വിവിധ മത്സരങ്ങളുമൊക്കെയായി കുടുംബ സമേതമാണ് പലരുമെത്തിയത്. രാത്രി പത്ത് മണിവരെ മാത്രമേ ഉച്ചഭാഷിണി അനുവദിച്ചിരുന്നുള്ളൂ. പൊലീസിന്റെ അനുമതി ലംഘിച്ച് കൊണ്ട് പത്ത് മണിക്ക് ശേഷവും തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തിയ പരിപാടി പൊലീസ് തടഞ്ഞു. തൈക്കുടം ബ്രിഡ്ജിന്‍റെ ഗാനമേള നടക്കുന്നതിനിടെയായിരുന്നു പൊലീസ് ഇടപെടല്‍. സംഘാടകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
പൊലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടായെങ്കിലും കൊച്ചിയിലെ ആഘോഷത്തിന്റെ പൊലിമ കുറഞ്ഞില്ല. പോയ വര്‍ഷത്തെ കഷ്‌ടപ്പാടിന്റെയും ദുരിതത്തിന്‍റെയും പ്രതീകമായ പാപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചിക്കാര്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. സുരക്ഷാക്രമീകരണങ്ങള്‍ മാറ്റ് കുറച്ചെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അനിഷ്‌ടസംഭവങ്ങളൊന്നുമില്ലാതെ ആഘോഷം സമാപിച്ചതിന്‍റെ ആശ്വാസത്തിലാണ് പോലീസ്. കൊച്ചി ബിനാലെ ഫൗണ്ടേഷനിലെ കലാകാരന്‍മാരാണ് 37 അടി ഉയരമുള്ള ഭീമന്‍ പാപ്പാഞ്ഞി ഉണ്ടാക്കിയത്.
കര്‍ശന നിയന്ത്രണമാണ് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലും പരിസരത്തും ഉണ്ടായിരുന്നത്. ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടികള്‍ ഉണ്ടായിരുന്നെങ്കിലും നഗരത്തില്‍ പൊലീസിന്റെ കര്‍ശന നിയന്ത്രണത്തില്‍ തന്നെയാണ് പരിപാടികള്‍ നടന്നത്. രാത്രി ഏഴ് മണി മുതല്‍ തന്നെ ബീച്ചിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പത്ത് മണിക്ക് ശേഷം ബീച്ചില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ ജനങ്ങളോട് പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും യുവാക്കളുടെ നേതൃത്വത്തില്‍ 12 മണി വരെ ചെറിയ തോതില്‍ ആഘോഷങ്ങള്‍ നടന്നു. ദില്ലി കൊണാട്ട് പ്ലേസിലെ പുതുവത്സരാഘോഷത്തില്‍ വിദേശികള്‍ അവതരിപ്പിച്ച നൃത്ത സംഗീത വിരുന്നായിരുന്നു മുഖ്യ ആകര്‍ഷണം. ബംഗളുരു , ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളുള്‍പ്പെടെ രാജ്യത്തെങ്ങും വര്‍ണാഭമായ പരിപാടികളാണ് പുതുവത്സരത്തിന്‍റെ ഭാഗമായി ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam