
കേസ് പരിഗണിച്ച ഉടനെ സര്‍ക്കാര്‍ നിലപാട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ് കോടതിയെ അറിയിച്ചത്. ഒരു മാസവും ഒന്‍പത് ദിവസവും മുമ്പാണ് മുഖ്യമന്ത്രിക്ക് ഒരു നിയമോപദേഷ്‌ടാവിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇതുവരെ പദവി അദ്ദേഹം ഏറ്റെടുക്കിത്തിട്ടില്ലെന്നും ഇനി ഏറ്റെടുക്കില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതോടുകൂടി ഹരജിയുടെ പ്രസക്തി നഷ്‌ടപ്പെട്ടെന്നും അഡീഷണല്‍ എ.ജി വാദിച്ചു. എന്നാല്‍ ദാമോദരന്‍ പദവി ഏറ്റെടുക്കുന്നില്ലെന്നത് കൊണ്ടുമാത്രം ഹരജി അപ്രസക്തമാകുന്നില്ലെന്ന് കുമ്മനത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. മുഖ്യമന്ത്രിക്ക് ഒരു സ്വകാര്യ അഭിഭാഷകന്റെ ആവശ്യമുണ്ടോയെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടണമെന്നും ഇത്തരമൊരു പദവി വ്യക്തിപരവും ഔദ്യോഗികവുമായ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോടതി ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും കുമ്മനത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ അഞ്ജനക്കണ്ണനാകാന്‍ കോടതിക്ക് കഴിയില്ലെന്നും നിയമത്തിന്റെ കണ്ണിലൂടെ മാത്രമേ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയൂവെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഒരു നിയമോപദേഷ്‌ടാവിനെ നിയോഗിച്ചുകൂടെന്നും ജഡ്ജി ചോദിച്ചു. അഭിഭാഷകനെ നിയോഗിക്കുന്നത് കക്ഷിയുടെ സ്വാതന്ത്ര്യമാണ്. അതിലെങ്ങനെ തെറ്റ് കാണാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് ക്രിമിനല്‍ കേസുകളില്‍ ഹാജരാകുന്നതിന്റെ ധാര്‍മ്മികത പരിശോധിക്കപ്പെടണമെന്ന് കുമ്മനത്തിന്റെ അഭിഭാഷകന്‍ വാദിച്ച സാഹചര്യത്തില്‍ വിശദമായ വാദം കേള്‍ക്കലിനായി കേസ് മറ്റെന്നാളേക്ക് കോടതി മാറ്റിവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam