
കാലിഫോര്‍ണിയ: എല്ലാ കുറ്റവാളികളും അന്വേഷകന് വേണ്ടി ഒരു തെളിവെങ്കിലും അവശേഷിപ്പിക്കുമെന്നതാണ് കുറ്റാന്വേഷണത്തിന്റെ പ്രാഥമിക പാഠം. തെളിവുകൾ അന്വേഷകർ തേടിപ്പിടിക്കണമെന്ന് മാത്രം. പക്ഷെ 37 കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിനും പത്രങ്ങൾക്കും നിരവധി തെളിവുകൾ നൽകിയിട്ടും പിടിക്കപ്പെടാതെ പോയൊരു കൊലയാളിയുണ്ട് കാലിഫോർണിയയിൽ. സോഡിയാക് കില്ലർ.
1969, ഓഗസ്റ്റ്1 സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ, സാൻ ഫ്രാൻസിസ്കോ എക്സാമിനർ, വലേജോ ടൈംസ് ഹെറാൾഡ് എന്നീ മൂന്ന് പത്രങ്ങൾക്ക് ഒരു കത്ത് കിട്ടി. ഹെർമൻ റോഡ് , ബ്ലൂ റോക്ക് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നടന്ന മൂന്ന് കൊലപാതകങ്ങളുടെയും ഒരു കൊലപാതക ശ്രമത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള കത്തിനൊപ്പം ഗൂഢാക്ഷരങ്ങളിലുള്ള ഒരോ കുറിപ്പും ഉണ്ടായിരുന്നു. ഗൂഢാക്ഷരങ്ങളിലുള്ള ആ ക്രിപ്റ്റോഗ്രാം ഡി കോഡ് ചെയ്തെടുത്താൽ തന്നെ കണ്ടെത്താമെന്നായിരുന്നു കൊലയാളിയുടെ അറിയിപ്പ്. ഒപ്പം ക്രിപ്റ്റോഗ്രാം പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.താഴെ കുരിശടയാളത്തിൽ വട്ടമിട്ട സോഡിയാക് ചിഹ്നത്തിലുള്ള ഒപ്പും.
1968 ഡിസംബർ 20 നും 1969 ജൂലൈ നാലിനും നടന്ന കൊലപാതകങ്ങൾ കാലിഫോർണിയയിൽ കുപ്രസിദ്ധമായിരുന്നു. രണ്ടിടത്തും അർദ്ധരാത്രിയിൽ ആക്രമിക്കപ്പെട്ടത് യുവ കമിതാക്കൾ, ഹെർമൻ റോഡിൽ പതിനാറും പതിനേഴും വയസ്സുള്ള ബെറ്റി ലൂ ജെൻസണും ഡേവിഡ് ഫാരഡെയും ആണ് വെടിയേറ്റ് മരിച്ചത്.
ബ്ലൂറോക്ക് സ്പ്രിംഗിൽ ഡാരെൻ ഫെരിൻ എന്ന യുവതി കൊല്ലപ്പെട്ടു, കൂടെയുണ്ടായിരുന്ന മൈക്കിൾ മെഗാവു ഗുരതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. ഈ ആക്രമണം നടന്ന് നിമിഷങ്ങൾക്കകം ഒരാൾ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കൊലപാതകം റിപ്പോർട്ട് ചെയ്യുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു . മാനസിക രോഗിയായ ഈ കൊലപാതകിയെ കണ്ടെത്താൻ പൊലീസ് കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് പത്രങ്ങൾക്ക് കത്ത് കിട്ടുന്നത്.
കൊലയാളിയുടെ ഗൂഢലിപിയിലെ കുറിപ്പ് പത്രങ്ങൾ പ്രസിദ്ധീകരിച്ചു. ഒരു ചരിത്ര അധ്യാപകനാണ് ഈ നിഗൂഡ അക്ഷരങ്ങളുടെ കുരുക്കഴിച്ചെടുത്തത്. അതിന്റെ അർത്ഥം ഇങ്ങനെ കാട്ടിൽ മൃഗങ്ങളെ വേട്ടയാടുന്നതിനെക്കാൾ എനിക്കിഷ്ടം മനുഷ്യനെ കൊല്ലാനാണ് , കാരണം അതിലാണ് കൂടുതൽ ആനന്ദം , മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും അപകടകാരിയായ മൃഗം . കൊലപാതകങ്ങൾ തുടരുമെന്ന മുന്നറിയിപ്പും ഇതിലുണ്ടായിരുന്നു.
സോഡിയാക് കില്ലർ എന്നറിയപ്പെട്ട ഈ കൊലയാളി പിന്നെയും പലരെയും കൊന്നു. ഗൂഢാക്ഷരങ്ങളിൽ പല കത്തുകൾ അയച്ചു. ഇയാളുടെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ ഇയാളെ നേരിൽ കാണുകയും ചെയ്തു. 37 കൊലപാതകങ്ങൾ നടത്തിയെന്ന് ഇയാൾ അവകാശപ്പെട്ടെങ്കിലും ഏഴ് കൊലപാതകങ്ങളാണ് പൊലീസ് സ്ഥിരീകരിച്ചത്.
പക്ഷെ നാലു പതിറ്റാണ്ടുകൾക്ക് ഇപ്പുറം ഇന്നും ആരാണ് യഥാർത്ഥ സോഡിയാക് കില്ലർ എന്ന് ആർക്കും അറിയില്ല. തെളിവുകൾ ഇല്ലാത്തതിനാൽ 2004ൽ സാൻഫ്രാൻസിസ്കോ പൊലീസ് കേസ് ക്ലോസ് ചെയ്തെങ്കിലും 2007ൽ റീ ഓപ്പൺ ചെയ്തു. ഇപ്പോഴും ഇയാൾ അയച്ച 340 ചിഹ്നങ്ങളുള്ള ക്രിപ്റ്റോഗ്രാഫ് വായിച്ചെടുക്കാനാകാതെ വിദഗ്ധർ കുഴങ്ങുകയാണ്. സത്യം ചിലപ്പോഴെല്ലാം ഭാവനയെക്കാൾ നിഗൂഢമാണ് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam