ആരുഷി-ഹേംരാജ് കൊലപാതകം: ഹേംരാജിന്‍റെ കുടുംബം സുപ്രീം കോടതിയിലേക്ക്

By Web DeskFirst Published Oct 21, 2017, 6:36 AM IST
Highlights

ദില്ലി: ആരുഷി - ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ നീതി തേടി കൊല്ലപ്പെട്ട ഹേംരാജിന്‍റെ കുടുംബം സുപ്രീം കോടതിയിലേക്ക്. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ഹേം രാജിന്‍റെ മരണത്തോടെ അനാഥമായ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് കുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നത്.

ആരുഷി തല്‍വാറിനെ കൊന്നതിന് ശേഷം വീട്ടുജോലിക്കാരനും നേപ്പാള്‍ സ്വദേശിയുമായ ഹേംരാജ് രക്ഷപെട്ടുവെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഹേംരാജിന്‍റെ മൃതദേഹം വീടിന്‍റെ ടെറസിലെ കൂളര്‍ പാനലിനു പിന്നില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരുഷിയുടെ മാതാപിതാക്കളിലേക്ക് നീണ്ടത്. 

ഹേംരാജുമായുള്ള ആരുഷിയുടെ വഴിവിട്ട ബന്ധം കണ്ട ഇവര്‍ രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് വിചാരണക്കോടതി തല്‍വാര്‍ ദമ്പതികളെ ശിക്ഷിച്ചത്. എന്നാല്‍ ആരുഷിയുടെ മരണത്തില്‍ ഹേംരാജിന് പങ്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി കുടുംബം പറയുന്നു. ഹേംരാജും ആരുഷിയും തമ്മില്‍ അച്ഛനും മകളും പോലെയായിരുന്നുവെന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ശീലം ഹേംരാജിനില്ലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. 

ഉത്തര്‍പ്രദേശ് പൊലീസിന് കേസന്വേഷണത്തില്‍ നേരിട്ട വീഴ്ചയാണ് ഹേംരാജിനെ സംശയിക്കാന്‍ കാരണമായത്. മരണം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ നശിപ്പിച്ചിരുന്നുവെന്നും ഇത് അന്വേഷണത്തെ ബാധിച്ചതായും ഉദ്യോഗസ്ഥരില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു. പൊലീസ് പരാജയപ്പെട്ടിടത്ത് തെളിവ് ശേഖരിക്കാന്‍ സിബിഐ ബുദ്ധിമുട്ടിയതിന്‍റെ കാരണമിതാണെന്നും കുടുംബം വാദിക്കുന്നു. 

കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന ഹേംരാജിന് അവസാന മൂന്ന് മാസം ശമ്പളം ലഭിച്ചിരുന്നില്ല. അതിനാല്‍ നഷ്ടപരിഹാരം ലഭിക്കണമെന്നും സാഹചര്യത്തെളിവിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരണമെന്നുമാണിവരുടെ ആവശ്യം. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

click me!