
മോസ്കോ: മാഞ്ചസ്റ്റര്‍ യുണെെറ്റഡില്‍ തന്‍റെ സുവര്‍ണ കാലം ആരംഭിച്ചപ്പോള്‍ മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന താരത്തിന്‍റെ ട്രേഡ് മാര്‍ക്കാണ് വളഞ്ഞ് പുളഞ്ഞ് വലയില്‍ പതിക്കുന്ന ഫ്രീകിക്കുകള്‍. മെെതാനത്ത് നിശ്ചലാവസ്ഥയിലുള്ള പന്ത് കൃത്യമായ വേഗത്തില്‍ ഗോള്‍കീപ്പറിനെയും പ്രതിരോധ മതിലിനെയും പരാജയപ്പെടുത്തി ഗോള്‍ പോസ്റ്റിനുള്ളില്‍ കയറണമെങ്കില്‍ പ്രതിഭയുടെ മാജിക്കല്‍ ടച്ച് കൂടെ പതിയണം.
അത് ആവശ്യത്തില്‍ കൂടുതല്‍ പറങ്കിപ്പടയുടെയും റയല്‍ മാഡ്രിഡിന്‍റെയും സുല്‍ത്താനുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എവിടെ നിന്നാണ് ഫ്രികിക്കിന്‍റെ പാഠങ്ങള്‍ പഠിച്ചത്. പ്രതിഭാധനരായ ഒരുപാട് പരിശീലകര്‍ക്ക് കീഴില്‍ പന്ത് തട്ടിയ താരത്തിന്‍റെ ഫ്രീകിക്ക് ഗുരു ആരായിരിക്കും. അതിന്‍റെ ഉത്തരം ചെന്നു നില്‍ക്കുന്നത് ബ്രസീലിന്‍റെയും സ്പോര്‍ട്ടിംഗിന്‍റെയും മുന്‍ താരമായ സെസാര്‍ പ്രേറ്റ്സിലായിരിക്കും.
സഹതാരമായ 16 വയസുകാരന് പ്രേറ്റ്സ് പറഞ്ഞ് കൊടുത്ത ചില വിദ്യകള്‍ ഇന്ന് ലോകത്തെ മുഴുവന്‍ അവന്‍റെ കാല്‍ക്കീഴിലാക്കി കൊടുത്തിരിക്കുന്നു. പക്ഷേ, റൊണാള്‍ഡോ വിശ്വം കീഴടക്കിയത് തന്‍റെ മികവ് കൊണ്ടല്ലെന്ന് പ്രേറ്റ്സ് തന്നെ പറയുന്നു. ഒരുപാട് വര്‍ഷത്തെ കഠിനാധ്വാനം കൊണ്ടാണ് ഇന്നത്തെ പോലെ കൃത്യമായി ഫ്രീകിക്ക് എടുക്കാന്‍ അവന് സാധിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ കിക്ക് എന്‍റേതിനേക്കാള്‍ ഏറെ മെച്ചമാണെന്നും പ്രേറ്റ്സ് പറയുന്നു.
ബ്രസീലിയന്‍ ക്ലബ് ഇന്‍റര്‍നാഷണലില്‍ വച്ച് ഡൊറീഞ്ഞോയാണ് ഫ്രീകിക്ക് എടുക്കാന്‍ ചില വിദ്യകള്‍ പറഞ്ഞ് തരുന്നത്. കൃത്യമായി കാല്‍പ്പാദം വെയ്ക്കുക, മൂന്ന് സ്റ്റെപ് എടുക്കുക, കൃത്യമായ സമയം മനസിലാക്കി ഗോള്‍കീപ്പറിന്‍റെ ആകാംക്ഷയെയും ഉത്കണഠയെയും വര്‍ധിപ്പിക്കണം. ഡൊറീഞ്ഞോ നല്‍കിയ പാഠങ്ങള്‍ അതായിരുന്നു. റൊണാള്‍ഡോയ്ക്കും ഇതെല്ലാം പകര്‍ന്ന് നല്‍കി. ഞങ്ങള്‍ രണ്ടും ഫ്രീകിക്ക് എടുക്കുന്നത് കാണാന്‍ ഒരുപോലെയാണെന്ന് പറയുന്നവരുണ്ട്.
പക്ഷേ, അവനെ ഞാന്‍ ഒന്നും പഠിപ്പിച്ചിട്ടില്ല. ചിലത് ചെയത് കാണിച്ചെന്ന് മാത്രം. 16-ാം വയസിലാണ് സ്പോര്‍ട്ടിംഗിന്‍റെ സീനിയര്‍ ടീമിനൊപ്പം അവന്‍ പരിശീലിക്കാന്‍ തുടങ്ങിയത്. പരിശീലനങ്ങള്‍ക്ക് ശേഷം ഒരുപാട് നേരം ഞങ്ങള്‍ മെെതാനത്ത് ചിലവഴിക്കുമായിരുന്നു. അന്ന് റൊണാള്‍ഡോ പറഞ്ഞ ഒരു കാര്യം ഇന്നും മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാകാന്‍ പോവുകയാണ് താനെന്നാണ് അവന്‍ പറഞ്ഞിരുന്നത്. ഈ ലോകകപ്പിലും റൊണാള്‍ഡോ അത് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രേറ്റ്സ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam