ആരാണ് കരുണയുടെയും കണ്ണൂരിന്‍റെയും ഉടമകള്‍; എന്തിന് ഭരണപക്ഷ പ്രതിപക്ഷവും അവര്‍ക്കൊപ്പം

By Web DeskFirst Published Apr 5, 2018, 6:13 PM IST
Highlights
  • കോടതിവിധികളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി രണ്ട് സ്വാശ്രയകോളജുകള്‍ക്ക് വേണ്ടി സര്‍ക്കാരും പ്രതിപക്ഷവും ബില്ല് പാസ്സാക്കിയതിന് പിന്നില്‍ കോളജ് മാനേജ്മെന്‍റുകളുടെ സ്വാധീനം

കോഴിക്കോട്: കോടതിവിധികളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി രണ്ട് സ്വാശ്രയകോളജുകള്‍ക്ക് വേണ്ടി സര്‍ക്കാരും പ്രതിപക്ഷവും ബില്ല് പാസ്സാക്കിയതിന് പിന്നില്‍ കോളജ് മാനേജ്മെന്‍റുകളുടെ സ്വാധീനം. ഒരു കോളജിന്‍റെ ഉടമ സമ്പന്ന വിദേശമലയാളിയാണെങ്കില്‍ മറ്റൊരു കോളജിന്റ ഉടമ പ്രമുഖ മുസ്ലിം സംഘടനയുടെ സംസ്ഥാന സെക്രട്ടറി. ഇവരുടെ രാഷ്ട്രീയസ്വാധീനവും സാമ്പത്തികസ്വാധീനവും ഫലിച്ചു എന്ന് വേണം കരുതാന്‍.

സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയിലാണ് അബ്ദൂള്‍ജബ്ബാറെന്ന  എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രവാസി വ്യവസായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. കാന്തപുരത്തിന് സ്ഥാപനവുമായി ഇപ്പോഴും ബന്ധമുണ്ടന്നാണ് സൂചന. സര്‍ക്കാരുമായി കരാറുണ്ടാക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചും മുന്നോട്ട് പോകുമ്പോള്‍ തന്നെ കണ്ണൂരിലെ പ്രമുഖ നേതാക്കളുമായി ചെയര്‍മാന്‍ അബ്ദുള്‍ജബ്ബാറ്‍ നല്ല ബന്ധം നിലനിര്‍ത്തിപ്പോരുകയാണ്. ർർ

കോടതിവിധികളൊക്കെ പ്രതികൂലമായിട്ടും ബില്ല് കൊണ്ട് വരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഈ കണ്ണൂര്‍ വാല്‍സല്യം തന്നെയാണ്. വിദ്യാര്‍ത്ഥികളില്‍ നിന്ന്  ഫീസിനത്തില്‍ പിരിച്ച 100 കോടി രൂപയില്‍ വലിയൊരു തുക കൈമറി‍ഞ്ഞെടന്നും ആരോപണമുണ്ട്.

ഇനി പാലക്കാട് കരുണമെഡിക്കള്‍ കോളജിലേക്ക് വരാം. സേഫ് ഡവലപ്മെന്‍റ് ആംസ് ട്രസ്റ്റാണ് കോളജിന്‍റെ നടത്തിപ്പുകാരന്‍. സംസ്ഥാനത്തെ മുസ്ലിംകളുടെ രണ്ടാമത്തെ വലിയ സംഘടനയായ കേരള നദ്വത്തുല്‍ മുജാഹിദിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണീന്‍ കുട്ടി മൗലവിയാണ് ഈ ട്രസ്റ്റിന്‍റെ സെക്രട്ടറി.  മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത  ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. 

കണ്ണൂര്‍ മെഡിക്കല്‍ കോളജിനോട് കാര്യമായ ബാധ്യതയില്ലെങ്കിലും പ്രതിപക്ഷം ബില്ലിന് അനുകൂലമായ നിലപാടെടുത്തത് കരുണയ്ക്ക് വേണ്ടിയാണ്. ഒരു പ്രമുഖ മതസംഘടനയുടെ നേതാവിന് സഹായം ചെയ്യുന്നത് ഭാവിയില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് ഭരണപക്ഷവും കണക്ക് കൂട്ടി. ഫലത്തില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വെല്ലുവിളിച്ച മാനേജ്മെന്‍റുകള്‍ വ്യക്തിപരമായും രാഷ്ട്രീയമായും വിലപേശി കാര്യം സാധിച്ചു. വ്യവസ്ഥകളും നിയമവും മെറിറ്റും  നോക്കുകുത്തിയായി.

click me!