ഒടുങ്ങാത്ത ആനക്കലി; പരിഹാരം കാണാനാകാതെ ഭരണകൂടം

ജെന്‍സന്‍ മാളികപുറം |  
Published : Jun 19, 2018, 08:20 PM ISTUpdated : Jun 29, 2018, 04:26 PM IST
ഒടുങ്ങാത്ത ആനക്കലി; പരിഹാരം കാണാനാകാതെ ഭരണകൂടം

Synopsis

2005 മുതല്‍ ഇതുവരെ കാട്ടാന ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

ഇടുക്കി: കേരള സര്‍ക്കാര്‍ 2002 ലാണ് ഇടുക്കിയില്‍ ആദിവാസി പുനരധിവാസം നടപ്പിലാക്കിയത്. പദ്ധതി പ്രകാരം ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമി യാതൊരു നിയന്ത്രണവുമില്ലാതെ ആദിവാസികള്‍ക്കായി പതിച്ചു നല്‍കി. എന്നാല്‍ ആദിവാസികളെ പറ്റിച്ചും നിസാര തുക നല്‍കിയും ആദിവാസിക്ക് പട്ടയം ലഭിച്ച ഭൂമി മിക്കതും ഇടനിലക്കാര്‍ വഴി മറിച്ച് വില്‍ക്കപ്പെട്ടു. ഇങ്ങനെ വില്‍ക്കപ്പെട്ട ഭൂമിയില്‍ പ്രാദേശീക ഭരണകൂടത്തിന്‍റെ ഒത്താശയോടെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു.  ഉയര്‍ന്നു വന്ന റിസോര്‍ട്ടുകളില്‍ മിക്കതും നിലനില്‍ക്കുന്നത് ഇടുക്കിയിലെ പ്രധാനപ്പെട്ട ആനത്താര (കാട്ടാനകളുടെ സഞ്ചാര പാത) കളിലാണ്. ഇതോടെ ആനയിറങ്കല്‍ പോലുള്ള പ്രധാനപ്പെട്ട ആനത്താരകള്‍ വിനോദസഞ്ചാര മേഖലയായി മാസങ്ങള്‍ക്കുള്ളില്‍ പരിവര്‍ത്തിക്കപ്പെട്ടു.  സ്വന്തം സഞ്ചാരപാത തടസപ്പെടുത്തിയ മനുഷ്യനോട് സ്വാഭാവികമായും കാട്ടാനകള്‍ ശത്രുതാ മനോഭാവം പുലര്‍ത്തുന്നുവെന്നതിന് തെളിവാണ് 2002 മുതല്‍ ഇതുവരെ കാട്ടാനകളാല്‍ കൊല്ലപ്പെട്ട മനുഷ്യരുടെ കണക്കുകള്‍. 

2003 മുതലാണ് ഇടുക്കിയില്‍ മനുഷ്യനും ആനകളും തമ്മില്‍ ജീവിക്കാന്‍ വേണ്ടിയുള്ള യുദ്ധം ആരംഭിച്ചത്.  മൂന്നാര്‍ മേഖലയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 21 -ാം തിയതിയാണ് കാട്ടാന മനുഷ്യനെ അവസാനമായി കുത്തിക്കൊന്നത്.  കൊച്ചി-ധനുഷ്‌കോടി ദേശീയപാതക്ക് സമീപം ലോക്കാട് എസ്റ്റേറ്റില്‍ കുരിശടിയില്‍ പ്രാര്‍ഥിച്ചു നില്‍ക്കുകയായിരുന്ന ദേവികുളം സ്വദേശി ജോര്‍ജ്ജ് (55) നെ പുറകില്‍ നിന്നെത്തിയ കാട്ടാന കടന്ന് പിടിച്ച് നിലത്തടിച്ചാണ് കൊന്നത്. മൂലത്തറയില്‍ 2016 ശേഷം കാട്ടാന ആക്രമണം ഉണ്ടാകുന്നത് ഇന്നലെയാണ്. മൂലത്തറ സ്വദേശിയായ ഏലത്തോട്ട കാവല്‍ക്കാരനായ പി.വേല്‍, ഇന്നലെയാണ് കാട്ടാന ആക്രമണത്തില്‍ മരണമടഞ്ഞത്. മൂലത്തറ ഭാഗത്ത് ഇതിന് മുമ്പ്  കാട്ടാന ആക്രമണത്തിന് ഇരയായത് 2016-ജനുവരി 25 -ാം തിയതി പാലക്കാട് നിന്നും തിര്‍ത്ഥാടനത്തിനായി മൂന്നാറിലെത്തിയ ഹനീഫയാണ്. ദേശീയപാതയില്‍ മൂലത്തറക്ക് സമീപത്തയിട്ടാണ് ദാരുണമായി കൊലചെയ്യപ്പെട്ട നിലയില്‍ ഹനീഫയെ കണ്ടെത്തിയത്. 

മൂന്നാര്‍ മേഖലയിലെ ഭൂമിയെക്കുറിച്ച് അറിവില്ലാത്തവരും തോട്ടം തൊഴിലാളികളുമാണ് കൂടുതലും കാട്ടാന ആക്രമണത്തിന് ഇരയായിതീരുന്നത്. മൂലത്തറ ആനയിറങ്കല്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിട്ടുള്ളത്. ഈ മേഖലയില്‍ മാത്രമായി 22 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുമ്പിക്കൈക്ക് അടിച്ചു വീഴ്ത്തിയും ചവിട്ടിയുമാണ് മിക്കവരും കൊല്ലപ്പെട്ടത്. മൂടല്‍ മഞ്ഞും കൊടും വളവുകളും നിറഞ്ഞ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെയുള്ള യാത്ര ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള യാത്രയാണ്. ഭാഗ്യം കൊണ്ടും തലനാരിഴക്കുമാണ് പലരും രക്ഷപ്പെട്ടുന്നത്. 

ഇരുചക്രവാഹനത്തിലൂടെയുള്ള യാത്രയാണ് ഏറ്റവും അപകടകരം. തമിഴ്നാട് സ്വദേശിയായ തുണിക്കച്ചവടക്കാരന്‍ ലക്ഷ്മണനും മൂന്നാര്‍ സ്വദേശിയായ യുവാവും കൊല്ലപ്പെട്ടത്  ബൈക്ക് യാത്രക്കിടെയാണ്. ബൈക്കില്‍ വരുന്നതിനിടെ കൊടും വളവില്‍ മറഞ്ഞുനിന്നിരുന്ന ആനക്കൂട്ടത്തിന്റെ മുന്നില്‍ചെന്നുപെടുകയും, ആക്രമണത്തിനിരയാവുകയുമായിരുന്നു ഇവര്‍. രാവിലെ 7 മണിക്കും 10 മണിക്കും ഇടയിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്.  അന്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും കാട്ടാന ആക്രമണത്തിന് ഇരയാകുന്നത്.  ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം പെട്ടെന്ന് ഓടി രക്ഷപ്പെടുവാന്‍ സാധിക്കാത്തവരാണ് അധികവും. കാട്ടാനകളുടെ ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട്, ഗുരുതരമായ പരിക്കുകളോടെയും, അംഗവൈകല്യത്തോടെയും കഴിയുന്ന നിരവധിപ്പേര്‍ ഈ പ്രദേശങ്ങളിലുണ്ട്. തൊഴിലെടുക്കുവാന്‍ കഴിയാതെ വീട്ടുകാര്‍ക്ക് ഭാരമായി കഴിയുന്ന ഇവരുടെ ജീവിതം കടുത്ത ദുരിതത്തിലാണ്.  

ജീവനാശത്തിന് പുറമെ വീടുകള്‍, ഏലക്കാ സംസ്‌കരിക്കുന്നതിനുള്ള സ്റ്റോറുകള്‍, ജല സംഭരണ ടാങ്കുകള്‍, കുടിക്കുന്നതിനും, തോട്ടം നനയ്ക്കുന്നതിനുമായി സ്ഥാപിച്ചിട്ടുള്ള പമ്പുസെറ്റുകള്‍, പൈപ്പുകള്‍, മോട്ടോര്‍ പുരകള്‍ ഇങ്ങനെ കോടിക്കണക്കിന് രൂപയുടെ വസ്തുവകകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഏലം, കുരുമുളക്, വാഴ, ജാതി, കപ്പ തുടങ്ങിയ വിളകള്‍ക്കും ഓരോ വര്‍ഷവും വന്‍നാശമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. രാത്രി പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയും, വീടിന് പുറത്ത് ആഴി കൂട്ടി കാവലിരുന്നും ഒക്കെയാണ് നാട്ടുകാര്‍ ഒരു പരിധിവരെയെങ്കിലും കാട്ടാനകളെ ഇന്നും ജനവാസമേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്.

2016-17 വര്‍ഷങ്ങളിലാണ് കാട്ടാനകൂട്ടം ജനവാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടം വിതച്ചത്. ശക്തമായ വേനലും പുല്‍മേടുകള്‍ കരിഞ്ഞ് ഉണങ്ങിയതും കാരണം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഭക്ഷണവും വെള്ളവും തേടി ഇവ ജനവാസമേഖലയില്‍ നാശം വിതക്കുകയാണ്. കജനപ്പാറ, അരമനപ്പാറ, ബൈസണ്‍വാലി തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് കൃഷിനാശമാണ് കാട്ടാനകള്‍ ഉണ്ടാക്കിയത്. മൂന്നാര്‍ വനം ഡിവിഷന്റെ പരിധിയില്‍ 2005 മുതല്‍ 2016 വരെ കാട്ടാനശല്യത്തില്‍ 391  കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  150 ലധികം ആളുകളുടെ വീടുകളും വിട്ടുപകരണങ്ങളും തകര്‍ക്കപ്പെട്ടു.  ഇതില്‍ 2011-12 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ക്കപ്പെട്ടത്.  ഈ വര്‍ഷങ്ങളില്‍ 37 ഓളം വീടുകള്‍ തകര്‍ത്തു.  പിന്നിട് 2014-15 വര്‍ഷത്തില്‍ 34 വീടുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  2005 മുതല്‍ 2016 വരെ 25 പേര്‍ക്ക് പരിക്ക് പറ്റി. ഇവരില്‍ പലര്‍ക്കും ഇന്ന് ജോലിക്ക് പോകുവാന്‍ പറ്റിയ ആരോഗ്യസ്ഥിതിയിലല്ല.  2005 മുതല്‍ ഇതുവരെ 31 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാട്ടാനകള്‍ ജനവാസമേഖലയില്‍ സ്ഥിരതാമസമാക്കിയതോടെ ജനകീയ സമരസമിതി രൂപീകരിച്ചും പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി ജനങ്ങള്‍ ഒറ്റകെട്ടായി രംഗത്തിറങ്ങി.  2017 ല്‍ ആരംഭത്തില്‍ ആളിക്കത്തിയ സമരങ്ങള്‍ ഇന്നും മലയോര മണ്ണില്‍ തുടരുകയാണ്. മൃതദേഹവുമായി ദേശീയപാതയടക്കമുള്ള ഉപരോധ സമരങ്ങള്‍ നടന്നിട്ടും ഡി.എഫ്.ഒ.തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും നാളിതുവരെ ഉചിതമായ പരിഹാരമാര്‍ഗങ്ങളിലേക്ക് എത്തുവാന്‍ ജനങ്ങള്‍ക്കും വനംവകുപ്പിനും പ്രാദേശീക ഭരണകൂടങ്ങള്‍ക്കും സാധിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്ത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി