മോഹന്‍ലാല്‍ 'ബോട്ടോക്‌സ്' ഇഞ്ചക്ഷന്‍ എടുത്തോ ?

Published : Dec 18, 2017, 12:42 AM ISTUpdated : Oct 05, 2018, 03:10 AM IST
മോഹന്‍ലാല്‍ 'ബോട്ടോക്‌സ്' ഇഞ്ചക്ഷന്‍ എടുത്തോ ?

Synopsis


മോഹന്‍ലാലാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം. മീശ വടിക്കുകമാത്രമല്ല. ചുരുങ്ങിയ ദിവസം കൊണ്ട് ശരീരഭാരവും കുറച്ച് ചെറുപ്പക്കാരനായി മോഹന്‍ലാല്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് ആരാധകരും അല്ല, അദ്ദേഹം പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തില്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ കുത്തിവെക്കുകയായിരുന്നുവെന്ന് അസൂയാലുക്കളും പ്രചരിപ്പിക്കുകയാണ്. ഈയവസരത്തിലാണ് എന്താണ് ബോട്ടോക്‌സ് ഇഞ്ചെക്ഷന്‍ എന്ന വിശദീകരണവുമായി ഡോ.കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. 'ബോട്ടോക്‌സ്' ഇഞ്ചക്ഷനെ കുറിച്ച് ഡോ. കുഞ്ഞാലിക്കുട്ടി എഴുതിയ കുറിപ്പ് വായിക്കാം. 

മോഹന്‍ലാല്‍ മുഖത്ത് 'ബോട്ടോക്‌സ്' ഇഞ്ചക്ഷന്‍ എടുത്തോ ഇല്ലയോ എന്നതാണല്ലോ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്. മമ്മൂട്ടിയെപ്പറ്റിയും ആളുകള്‍ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. വേറെയും ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാരെപ്പറ്റിയും ആളുകള്‍ ഇങ്ങനെ പറയാറുണ്ട്. എന്താണീ 'ബോട്ടോക്‌സ്' എന്നാലോചിച്ചിട്ടുണ്ടോ?

ക്‌ളോസ്ട്രീഡിയം ബോട്ടുലിനം (Clostridium Botlinum) എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു വിഷവസ്തു (Toxin) ആണ് ബോട്ടുലിനം ടോക്‌സിന്‍. മനുഷ്യന് അറിവുള്ളതില്‍ വെച്ചേറ്റവും അപകടകരമായ ഒരു പോയിസണ്‍. ടിന്നില്‍ അടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ടും വണ്ണം അണുവിമുക്തമാക്കാത്തത് മൂലം അവയില്‍ ഈ ബാക്ടീരിയ വളരാം. പണ്ടുകാലങ്ങളില്‍ നാവികരുടെയിടയില്‍ ധാരാളമായി ഇത് മൂലമുള്ള മരണങ്ങള്‍ സംഭവിക്കാറുമുണ്ടായിരുന്നു. വൃത്തിഹീനമായ രീതിയില്‍ ടിന്നില്‍ അടച്ച ഇറച്ചിയിലും മറ്റു ഭക്ഷണങ്ങളും വേണ്ടരീതിയില്‍ ശീതീകരണമില്ലാതെ വളരെയേറെ നാളുകള്‍ സൂക്ഷിക്കുന്ന രീതിയാണ് നാവികര്‍ക്ക് വിനയായത്. കടലില്‍ വെച്ച് ബോട്ടുലിസം വന്നാല്‍ മരണമല്ലാതെ വേറെ നിവൃത്തിയൊന്നുമിലായിരുന്നു.

എങ്ങനെയാണ് ഈ ടോക്‌സിന്‍ മനുഷ്യരെ കൊല്ലുന്നത്? നമ്മുടെ പേശികള്‍ പ്രവര്‍ത്തിക്കുന്നത് അവയിലേക്ക് തലച്ചോറില്‍ നിന്നും നാഡികളിലൂടെ സിഗ്‌നലുകള്‍ വരുമ്പോഴാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഈ സിഗ്‌നലുകള്‍ ഒരു ഇലക്ട്രിക്കല്‍ കറന്റ് ആണ്. ഈ കറന്റ് നാഡിയില്‍ നിന്നും പേശികളിലേക്ക് പാസ് ചെയ്യാന്‍ വേണ്ടി നാഡീ - പേശീ ജംഗ്ഷനില്‍ (neuro muscular junction) വെച്ച് നാഡികളുടെ അഗ്രഭാഗത്തുള്ള ചില കുമിളകളില്‍ (vescicles) ശേഖരിച്ചിരിക്കുന്ന അസറ്റയില്‍ കോളിന്‍ (acetyl choline) എന്നൊരു കെമിക്കല്‍ റിലീസ് ചെയ്യപ്പെടും. ഇത് പേശികളിലെ കോശഭിത്തികളില്‍ (Cell membrane) അയോണുകളുടെ ചാലകതയില്‍ (മൂവ്‌മെന്റില്‍) വരുത്തുന്ന വ്യത്യാസങ്ങള്‍ മൂലം ഒരു ഇലക്ട്രിക്കല്‍ കറന്റ് ഉണ്ടാകുന്നു, പേശികള്‍ സങ്കോചിക്കുന്നു, അഥവാ പ്രവര്‍ത്തിക്കുന്നു. ബോട്ടുലിനം ടോക്‌സിന്‍ നാഡികളുടെ അഗ്രഭാഗത്തുള്ള കുമിളകളില്‍ നിന്ന് അസറ്റൈല്‍ കോളിന്‍ റിലീസ് ചെയ്യപ്പെടുന്നത് തടയും. തന്മൂലം പേശികളിലേക്ക് സിഗ്‌നലുകള്‍ എത്താതിരിക്കുകയും അവ പ്രവര്‍ത്തിക്കാതെയുമാകുന്നു. മനുഷ്യന്റെ ജീവസന്ധാരണത്തിന് അവശ്യം വേണ്ടുന്ന പ്രവര്‍ത്തിയായ ശ്വാസോഛ്വാസം നടക്കാന്‍ നെഞ്ചിന്‍ കൂടിന് ചുറ്റുമുള്ള പേശികളും (intercostal muscles) വയറും നെഞ്ചും തമ്മില്‍ വേര്‍തിരിക്കുന്ന ഡയഫ്രം എന്ന പേശിയും സദാ പ്രവര്‍ത്തിക്കണം. ബോട്ടുലിസം ബാധിച്ച വ്യക്തികളില്‍ ശ്വാസോഛ്വാസം നടക്കാതാവുകയും അവര്‍ മരിക്കുകയും ചെയ്യുന്നു.

ഇന്നത്തെ കാലത്ത് ബോട്ടുലിസം വളരെ അപൂര്‍വ്വമാണ്. കര്‍ശനമായ ഫുഡ്സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുകളും ഇനിയഥവാ ബോട്ടുലിസം പിടിപെട്ടാല്‍ തന്നെ വെന്റിലേറ്റര്‍ വഴി കൃത്രിമ ശ്വാസോഛ്വാസം കൊടുക്കാനുള്ള സൗകര്യങ്ങളും മൂലം മരണം ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമാണ്. ടോക്‌സിനെ നിര്‍വീര്യമാക്കാന്‍ വേണ്ടിയുള്ള മരുന്നുകളൊന്നും ഇപ്പോഴും ലഭ്യമല്ല. ശരീരത്തിലുള്ള ടോക്‌സിന്‍ പതിയെപ്പതിയെ നിര്‍വ്വീര്യമാകുകയും രോഗിക്ക് ക്രമേണ ശ്വാസോഛ്വാസം ചെയ്യാനും ചലനശേഷി വീണ്ടെടുക്കാനും കഴിയുന്നത് വരെ സപ്പോര്‍ട്ടീവ് ട്രീറ്റ്‌മെന്റ് കൊടുക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.

ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. ഇന്ന് അനേകം രോഗചികിത്സകളില്‍ ബോട്ടുലിനം ടോക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് ബ്രാന്‍ഡുകളാണ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ഇപ്പോഴുള്ളത്; Botox, Xeomin, Dysport എന്നിവയാണവ. ഏറ്റവും പോപ്പുലര്‍ Allergan കമ്പനിയുടെ Botox ആണ്. ടെട്രാപാക്കില്‍ വരുന്ന എല്ലാ ഡ്രിങ്കിന്റെയും പേര് 'ഫ്രൂട്ടി' എന്നായത് പോലെ ബോട്ടുലിനം ടോക്‌സിന്റെ അപരനാമമായി 'ബോട്ടോക്‌സ്' മാറി!

തലച്ചോറിന്റെ പരിക്കുകളോ പക്ഷാഘാതമോ മൂലം കൈകാലുകള്‍ കോച്ചിപ്പിടിക്കുന്ന അവസ്ഥ (spasticity), നാഡികളുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍ മൂലം ഉണ്ടാകുന്ന ചില വേദനകള്‍ (ന്യൂറോപ്പതിക് പെയിന്‍), കോങ്കണ്ണ് (strabismus അല്ലെങ്കില്‍ squint), അമിതവിയര്‍പ്പ്, ചിലതരം മൈഗ്രെയ്ന്‍, ചില തരം രോഗങ്ങളുടെ ഫലമായി മൂത്രം അറിയാതെ പോകുക അല്ലെങ്കില്‍ എപ്പോഴും മൂത്രം ഒഴിക്കാനുള്ള ത്വരയുണ്ടാകുക, പാര്‍ക്കിന്‍സണ്‍ രോഗം പോലത്തെ അവസ്ഥകളില്‍ സദാ തുപ്പല്‍ ഒലിച്ചുകൊണ്ടിരിക്കുക (hypersalivation അല്ലെങ്കില്‍ sialorrhoea) എന്നിങ്ങനെ പല രോഗാവസ്ഥകളിലും സാധാരണയായി ഉപയോഗിക്കുന്നതാണ് ബോട്ടുലിനം ടോക്‌സിന്‍ കുത്തിവെയ്പ്പ്.

ഇത് കൂടാതെ മുഖത്തെ ചുളിവുകള്‍ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകള്‍ ഇത് ചെയ്യാറുണ്ട്. മുഖത്ത് ധാരാളം മാംസപേശികളുണ്ട്. ഈ മാംസപേശികളാണ് നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകള്‍ കൂര്‍പ്പിക്കാനും ഒക്കെ സഹായിക്കുന്നത്. പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഈ പേശികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നു. ബോട്ടുലിനം ടോക്‌സിന്‍ ഈ പേശികളില്‍ കുത്തിവെച്ചാല്‍ അവ പ്രവര്‍ത്തിക്കാതാകുന്നത് മൂലം ചുളിവുകള്‍ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകള്‍ സ്ഥായിയായ ഫലം നല്‍കുന്നില്ല, കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്പോള്‍, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്‌സ്പ്രഷനും വരാത്ത സ്ഥിതിയാകും. പാടുപെട്ട് ശൃംഗാരരസം വരുത്തുമ്പോള്‍ കാണുന്നവര്‍ക്ക് പശു ചാണകമിടുമ്പോഴുള്ള ഭാവം ഓര്‍മ്മ വരും. പച്ചാളം ഭാസി പറഞ്ഞ പോലെ, സ്വന്തമായി ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത ഭാവങ്ങള്‍ ആവും പിന്നെ മുഖത്ത് വരിക.

കുറെ നാള്‍ മുന്നേ നാട്ടില്‍ നിന്നൊരു പഴയ സ്‌കൂള്‍മേറ്റ് വിളിച്ചിരുന്നു. ആളിന്റെ ഒരടുത്ത ബന്ധുവിന് കുറച്ചു നാള്‍ മുന്നേ സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നു പോയിരുന്നു. ഇപ്പോള്‍ അത് കുറച്ചൊക്കെ ശരിയായി വന്നെങ്കിലും കൈക്കൊരു കോച്ചിപ്പിടുത്തം, അത് മൂലം വേദനയും പലപ്പോഴും മടങ്ങിയ കൈ നിവര്‍ക്കാനൊക്കെ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ കയ്യില്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുക്കണമെന്ന് പറഞ്ഞത്രേ. അതിന്റെ വിലയൊക്കെ അറിഞ്ഞപ്പോള്‍ ആലോചിച്ചിട്ട് വരാമെന്ന് പറഞ്ഞിരിക്കയാണ്. ഇതെടുക്കുന്നത് കൊണ്ട് ഗുണം വല്ലതുമുണ്ടാകുമോ എന്ന സംശയത്തിലാണ് ആള്‍ വിളിച്ചത്.

സ്‌ട്രോക്ക് അല്ലെങ്കില്‍ എന്തെങ്കിലും ക്ഷതം മൂലം തലച്ചോറിന് പരിക്ക് പറ്റുമ്പോള്‍ കൈകാലുകള്‍ കോടിപ്പോകുന്ന അവസ്ഥയെപ്പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ, അതാണ് ഈ കേസിലും ഉണ്ടായത്. ഇത് ചികില്‍സിക്കാതിരുന്നാല്‍ സന്ധികള്‍ ഉറച്ചു പോവുകയും സ്ഥിരമായി കൈകാലുകള്‍ മടങ്ങിപ്പോവുകയും ചെയ്യാം. പിന്നീട് എപ്പോഴെങ്കിലും കൈകാലുകള്‍ക്ക് പ്രവര്‍ത്തനശേഷി വീണ്ടുകിട്ടിയാലും സന്ധികള്‍ നിവരാത്തത് മൂലം രോഗിക്ക് ആ കൈ/കാല്‍ ഉപയോഗമില്ലാത്തതാകുന്നു. പ്രവര്‍ത്തനശേഷി തിരികെ കിട്ടാത്ത അവസ്ഥ ഉള്ളവരിലും കൈകാലുകള്‍ മടങ്ങിപ്പോകുന്നത് മൂലം ഇരിപ്പ്, കിടപ്പ്, വസ്ത്രം മാറല്‍ ഇവയൊക്കെ പ്രയാസകരമാകുന്നു. സന്ധികള്‍ ഉറച്ചു പോകുന്നതിനു മുന്നേയുള്ള സമയത് തന്നെ രോഗിക്ക് കോച്ചിപ്പിടുത്തമുള്ള മസിലുകളില്‍ ബോട്ടുലിനം ടോക്‌സിന്‍ ഇന്‍ജക്റ്റ് ചെയ്താല്‍ ഈ അവസ്ഥ ഉണ്ടാകുന്നതൊഴിവാക്കാം. പക്ഷേ ഇതൊരു ഒറ്റത്തവണ ചികിത്സയല്ല, ആറോ എട്ടോ മാസം കഴിയുമ്പോള്‍ വീണ്ടും ഇഞ്ചക്ഷന്‍ എടുക്കേണ്ടി വരും. പണച്ചെലവുള്ള ചികിത്സയാണ്. അതിന് മുന്നിട്ടിറങ്ങുന്നതിന് മുന്നേ രോഗിയെയും വീട്ടുകാരെയും എന്തിനാണ് ഈ ചികിത്സ ചെയ്യുന്നതെന്ന് പറഞ്ഞു ബോധ്യപ്പെടുത്തണം. പലരും കരുതും, തളര്‍ന്നു പോയ അവയവം വീണ്ടും പ്രവര്‍ത്തിക്കാനാണ് ഇഞ്ചക്ഷന്‍ എന്ന്. കാര്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കില്‍ അവസാനം ഡോക്ടര്‍ പറ്റിച്ചു കാശ് അടിച്ചുമാറ്റി എന്ന് കേള്‍ക്കേണ്ടി വരും!

അപ്പോള്‍ മോഹന്‍ലാല്‍ ബോട്ടോക്‌സ് എടുത്തോ ഇല്ലയോ? ചര്‍ച്ചകള്‍ തുടരട്ടെ!

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്