
ദില്ലി: നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്തെ പരിപാടിയിൽ നിന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പിൻമാറില്ല. ചില കോൺഗ്രസ് നേതാക്കളുടെ നിലപാട് തള്ളിയ പ്രണബ് തന്റെ നിലപാട് പരിപാടിയിൽ വ്യക്തമാക്കുമെന്ന് തീരുമാനത്തിലാണുള്ളത്.
നാഗ്പൂരിൽ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരാവാൻ പരിശീലനം പൂർത്തിയാക്കിയവരെ അഭിസംബോധന ചെയ്യാനുള്ള പ്രണബ് മുഖർജിയുടെ തീരുമാനം കോൺഗ്രസിനുള്ളിൽ അസ്വസ്ഥത പടർത്തിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് മുൻമന്ത്രി ജാഫർ ഷെരീഫ് ഉൾപ്പടെയുള്ളവർ പ്രണബ് മുഖർജിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ അടുത്ത മാസം ഏഴിന് നാഗ്പൂരിലേക്ക് പോകാനുള്ള തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പ്രണബ് മുഖർജിയുടെ നിലപാട്. രാഷ്ട്രപതി ആയതു മുതൽ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും ദേശീയതയെക്കുറിച്ച് സംസാരിക്കാനാണ് ആർഎസ്എസ് ക്ഷണിച്ചത്. ഇക്കാര്യത്തിൽ തന്റെ നിലപാട് പരിപാടിയിൽ വ്യക്തമാക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
ആർഎസ്എസ് നിരോധിത സംഘടനയല്ലെന്ന് പ്രണബുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രണബിനെതിരെ വിമർശനം പാടില്ല എന്ന നിർദ്ദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വക്താക്കൾക്ക് നല്കിയിരിക്കുന്നത്. തീരുമാനത്തിൽ ഉറച്ചുനില്ക്കാനുള്ള മുൻ രാഷ്ട്രപതിയുടെ തീരുമാനം എന്നാൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam