അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് വനിതാ കമ്മീഷന്‍റെ സമന്‍സ്

By Web DeskFirst Published Mar 7, 2018, 8:15 PM IST
Highlights
  • ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ ഭീഷണിപ്പെടുത്തി
  • ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വനിതാകമ്മീഷനില്‍ പരാതി

ആലപ്പുഴ : ജില്ലയിലെ വനിതാ അസിസ്റ്റന്‍റ് ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. പരാതിയെതുടര്‍ന്ന്  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സമന്‍സ് അയയ്ക്കാന്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിച്ചു.  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രജിത്തിനാണ് സമന്‍സ് അയയ്ക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചത്.  നിരന്തരമായി ഫോണില്‍ വിളിച്ച് മാനസീകമായി തളര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അസിസ്റ്റന്റ് ബിഡിഒ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. 

വെറും നാല് മാസം മാത്രം റിട്ടയര്‍മെന്റാകാനിരിക്കെ, പാര്‍ട്ടിയുടെ സ്വാധീനമുപയോഗിച്ച് ഹരിപ്പാട് സ്വദേശിയായ അസിസ്റ്റന്‍റ് ബിഡിഒയെ കണ്ണുരിലേയ്ക്കു സ്ഥലം മാറ്റി. ഇതിനെതിരെ ബിഡിഒ കോടതിയെ സമീപിക്കുകയും സ്ഥലം മാറ്റത്തിന് സ്റ്റേ ഓര്‍ഡര്‍ വാങ്ങുകയും ചെയ്തു.ഇത് പ്രസിഡന്റിനെ ചൊടിപ്പിക്കുകയും ബിഡിഒയെ  ഫോണില്‍ വിളിച്ച്  ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് അസിസ്റ്റന്റ് ബിഡിഒ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇന്ന് ചേർത്ത വനിതാ അദാലത്തിൽ പ്രജിത്ത് പങ്കെടുത്തില്ല. അതിനാലാണ് പ്രജിത്തിനെതിരെ സമന്‍സ് അയയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

ഭരിക്കുന്ന പാര്‍ട്ടിയാണ് മുകളില്‍ നില്‍ക്കുന്നത് അല്ലാതെ ഉദ്യോഗസ്ഥയല്ലെന്നും താഴേയ്ക്കിടയില്‍ മാത്രം നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഫോണില്‍ വിളിച്ച് പ്രജിത്ത്  ബിഡിഒയോട് പറഞ്ഞതായി  കമ്മീഷനില്‍ പരാതി നല്‍കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മികച്ച പ്രവര്‍ത്തനത്തിനുള്ള എക്‌സലന്‍സ് അവാര്‍ഡ് വാങ്ങുന്ന ബിഡിഒയ്ക്ക് തന്റെ ഇത്രയും കാലത്തെ സര്‍വ്വീസിനിടയ്ക്ക് ഉണ്ടായ ദുരനുഭവമാണിതെന്നും അവര്‍ പറഞ്ഞു. ഒരു ജനപ്രതിനിധിക്കു യോജിച്ച പരിപാടിയല്ല പ്രസിഡന്‍റ് ചെയ്യുന്നതെന്നും ബിഡിഒ പറഞ്ഞു.  

click me!