
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സ്ഥലം മാറ്റത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ ഡിജിപി മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി. പൊലീസ് ആസ്ഥാനത്തെ പ്രവർത്തനങ്ങള്‍ ബോധപൂർവ്വം വിവാദമാക്കുകയാണെന്ന് സെൻകുമാർ മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം ഡിജിപി സ്ഥലം മാറ്റിയ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥ ഇപ്പോഴും അതേ സീറ്റിൽ തുടരുന്നു.
പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റവും, സ്റ്റേഷനുകള്‍ പെയിന്‍റടിക്കാന്‍ മുൻ മേധാവി ഇറക്കിയ ഉത്തരവുമാണ് വിവാദമായിരിക്കുന്നത്. ബെഹ്റയുടെ ഉത്തരവിനെ കുറിച്ച് സെൻകുമാർ അന്വേഷണത്തിന് ഉത്തരവിട്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന് ബെഹ്റ സർക്കാരിന് വിശദീകരണം നൽകി.
സെൻകുമാർ സ്ഥലം മാറ്റിയ രഹസ്യ വിഭാഗത്തിലെ ജൂനിയർ സൂപ്രണ്ട് ബീനാകുമാരിയും ആഭ്യന്തരസെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്തെ പ്രവർത്തനങ്ങള്‍ വിവാദമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ഡിജിപി നേരിൽ വിശദീകരണം നൽകിയത്. വാതകപൈപ്പ് ലൈൻസ്ഥാപിക്കുമ്പോഴുണ്ടായ സുരക്ഷക്രമീകരണങ്ങളെ കുറിച്ച് നിയമസഭാ മന്ദിരത്തിൽ നടന്ന വിലയിരുത്തലിന് ശേഷമാണ് ഇരുവരും കണ്ടത്.
മുൻ മേധാവിയുടെ ഒരു ഉത്തരവും പുനപരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സെന്‍കുമാർ വിശദീകരിച്ചു. മാധ്യങ്ങളിൽ വന്ന വാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കാൻ പൊലീസ് ആസ്ഥാനത്തെ എഐജിക്ക് നൽകുകയാണ് ചെയ്തത്. വധഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി കൊടുവള്ളി എംഎൽഎ നൽകിയ പരാതിനാല് മാസം ഉദ്യോഗസ്ഥ പൂഴ്ത്തിയതായും ഡിജിപി പറഞ്ഞു.
സ്ഥലമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് ആസ്ഥാനത്തെ ചിലർ ബോധപൂർവ്വം വിവാദമുണ്ടാക്കുകയാണെന്നും ഡിജിപി അറിയിച്ചുവെന്നാണ് വിവരം. അതേ സമയം ഡിജിപി മാറ്റിയ ഉദ്യോഗസ്ഥ ഇപ്പോഴും അതേ സീറ്റിൽ തുടരുകയാണ്. സർക്കാരിന് നൽകിയ പരാതിയിൽ തീരുമാനത്തിന്ശേഷമേ സ്ഥാനമൊഴിയൂ എന്ന നിലപാടിലാണ് ബീനകുമാരി.
ഡിജിപി ഉത്തരവിട്ടും അതേ സീറ്റിൽ തുടരാൻ ചില ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ജീവനക്കാരിക്കുണ്ടെന്നാണ് അറിവ്. അതേ സമയം ഉത്തരവ് നടപ്പാകുമെന്നാണ് ഡിജിപി ഓഫീസിന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam