
ചേര്‍ത്തല: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വ്യാജ മുക്ത്യാര്‍ ഉപയോഗിച്ച് വില്‍പന നടത്തിയതിന് കബളിപ്പിക്കലിനും വ്യാജരേഖ ചമയ്ക്കലിനും വകുപ്പുകള്‍ ചേര്‍ത്ത് പട്ടണക്കാട് പൊലീസ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു. നേരത്തെ ബിന്ദു പത്മനാഭനെ കാണാതായത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേയാണിത്.
പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ പള്ളിപ്പുറം സ്വദേശിയും കുറുപ്പംകുളങ്ങര സ്വദേശിനിയുമാണ് പ്രതികള്‍. വ്യാജ മുക്ത്യാറില്‍ ഒപ്പിട്ട സാക്ഷികള്‍, സബ് റജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുമെന്നാണ് വിവരം. ഇതോടൊപ്പം വസ്തു വില്‍പനയുമായി ബന്ധപ്പെട്ട മറ്റ് ചിലരെയും ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ബിന്ദുവിനെ കണ്ടെത്തുവാനോ ഇവര്‍ ജീവനോടെയുണ്ടോയെന്ന് തെളിയിക്കുവാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വ്യാജ മുക്ത്യാര്‍ ചമച്ച കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനോ വിശദമായ ചോദ്യം ചെയ്യലിനോ പൊലീസ് തയ്യാറാവാത്തതിലും ദുരൂഹതയുണ്ട്. മുക്ത്യാര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടും ഇതില്‍ ഒപ്പിട്ട സ്ത്രീ കുറ്റസമ്മത മൊഴി നല്‍കിയിട്ടും അറസ്റ്റ് നീട്ടുന്നത് പ്രതിക്ക് രക്ഷപ്പെടുവാന്‍ അവസരം നല്‍കുന്നതിനാണെന്നാണ് ആക്ഷേപം. അതേസമയം നിരവധി സംഘടനകളും പൊലീസ് നടപടിക്കെതിരെ രംഗത്തു വന്നു.
കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്. കടക്കരപ്പള്ളി ആലുങ്കല്‍ ജംക്ഷന്‍ പത്മനിവാസില്‍ പി പ്രവീണ്‍ 2017 സെപ്തംബറിലാണ് സഹോദരി ബിന്ദുവിനെ കാണാതായത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസ് റജിസ്റ്റര്‍ ചെയ്യുവാന്‍ പോലും പൊലീസ് തയ്യാറായത്. എന്നാല്‍ കാര്യക്ഷമമായ അന്വേഷണം ഇപ്പോഴും നടക്കുന്നില്ലെന്നാണ് പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam