
ഓഫീസില്‍ നിന്ന് മടങ്ങുമ്പോഴാണ് വഴിയില്‍ ഒരു സ്ത്രീയുടെ പഴ്സ് തട്ടിയെടുത്ത് ഓടുന്ന യുവാവിനെ ടെസ് ശ്രദ്ധിക്കുന്നത്. പിന്നെ ഒന്നുമാലോചിക്കാതെ യുവാവിനെ ടെസ് പിന്തുടര്‍ന്നു. ചവറ്റു കൂനയില്‍ ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെസ് കള്ളനെ പിടികൂടി. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ ആരെയും അമ്പരപ്പിച്ചു. കാനഡയിലാണ് സംഭവം.
ചവറ്റുകൂനയില്‍ നിന്ന് കള്ളനെ പിടികൂടുമ്പോള്‍ അയാള്‍ മാപ്പപേക്ഷിച്ച് കരയുകയായിരുന്നെന്ന് ടെസ് പറയുന്നു. ചെയ്തത് തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് കള്ളന്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി. കള്ളന്‍ തന്നെ യുവതിയ്ക്ക് പഴ്സ് തിരികെ നല്‍കി മാപ്പു പറഞ്ഞു. കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം മോഷണത്തിന് ഇറങ്ങിയ ഇയാളെ കൂട്ടിക്കൊണ്ടു പോയി ഒരു കപ്പ് കാപ്പി വാങ്ങിക്കൊടുത്തതോടെ കള്ളനും ആകെ അങ്കലാപ്പിലായി.
മോഷണത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ടെസ് ഇയാളെ ഉപദേശിച്ചു. അയാള്‍ വളരെ അസ്വസ്ഥനും നിരാശനുമായിരുന്നു അയാള്‍ക്ക് ഒരു കാപ്പി വാങ്ങിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നിയതെന്ന് ടെസ് പിന്നീട് പ്രതികരിച്ചു.