വരനോടും ബന്ധുക്കളോടും അവള്‍ പറഞ്ഞു, കടക്ക് പുറത്ത്

Published : Dec 20, 2017, 10:26 PM ISTUpdated : Oct 05, 2018, 02:44 AM IST
വരനോടും ബന്ധുക്കളോടും അവള്‍ പറഞ്ഞു, കടക്ക് പുറത്ത്

Synopsis

മുറാദാബാദ്: വരനേയും, മാതാപിതാക്കളെയും ലോക്കപ്പിലാക്കി വധു. സ്ത്രീധനം ചോദിച്ചതിനാണ് വധു വിവാഹ മണ്ഡപത്തില്‍ വച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറി വരനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യിപ്പിച്ചത്. ഡിസംബര്‍ 17ന് മുറാദാബാദിലായിരുന്നു സംഭവം. മുറാദാബാദ് സ്വദേശിയായ യുവതിയുടെയും ബംഗലൂരു സ്വദേശി യുവാവിന്‍റെയും വിവാഹം വൈവാഹിക സൈറ്റ് വഴിയാണ് ഉറപ്പിച്ചത്.

എന്നാല്‍ വിവാഹ ദിവസം  നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വധു എം.ടെക് സ്വര്‍ണ്ണ മെഡല്‍ ജേതാവും, എംഎന്‍സി കമ്പനിയില്‍ പ്രബേഷന്‍ എന്‍ജീനീയറുമാണ്. വരന്‍ ആര്‍ക്കിടെക്റ്റ് ആണ്. മുറാദാബാദിലെ  ദില്ലി റോഡിലുള്ള പാര്‍ക്ക് സ്‌ക്വയര്‍ ഹോട്ടലില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അസാധാരണ സംഭവങ്ങളുടെ തുടക്കം.

വിവാഹച്ചടങ്ങിലെ ആദ്യ ചടങ്ങായ മാലയിടല്‍ കഴിഞ്ഞശേഷം അഗ്നികുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍ ചടങ്ങിനായുള്ള ഇടവേളയില്‍ വധു തയാറാകുന്നതിനിടയിലാണ് മണ്ഡലപത്തില്‍ നിന്ന് ബഹളം ഉയരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ വധു കാണുന്നത് തന്‍റെ പിതാവു വരന്‍റെ പിതാവിന്റെ ആക്രമണത്തില്‍ താഴെ വീണു കിടക്കുന്നതാണ്. 

ഇനി മുന്നോട്ടുള്ള ചടങ്ങുകള്‍  നടത്തണമെങ്കില്‍ 15 ലക്ഷവും, ഇന്നോവ കാറും നല്‍കണമെന്ന് വരന്‍റെ കുടുംബം വാശി ഉയര്‍ത്തിയതോടെയാണ് കല്യാണ മണ്ഡപത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. സാവകാശം വേണമെന്നും ഇങ്ങനെ ചെയ്യരുതെന്നും വധുവിന്റെ പിതാവ് കേണപേക്ഷിച്ചെങ്കിലും വരന്റെ കുടുംബം ഇവരുടെ അപേക്ഷ ചെവിക്കൊള്ളാതെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയായിരുന്നു.

വിവാഹച്ചിലവുകള്‍ക്കും, ആഭരണങ്ങള്‍ക്കുമായി ഇപ്പോള്‍ തന്നെ 20 ലക്ഷത്തിനുമേലേ പണം ചിലവായെന്നും, വിവാഹം തീരുമാനിച്ചപ്പോള്‍ ഇല്ലാത്ത ഡിമാന്‍ഡ് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും വധു പറഞ്ഞുവെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറായില്ല. ഇതോടെയാണ് വധു ആക്രോശിച്ച് വരനോടും, കുടുംബത്തോടും അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ശബ്ദം ഉയര്‍ത്തിയത്. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയിച്ച പൂമല ഉള്‍പ്പെടെ ഊരിയെറിഞ്ഞാണ് വരനെയും സംഘത്തേയും ആട്ടിയിറക്കിയത്. ഇതോടെ വരനും സംഘവും സ്ഥലം വിടുകയായിരുന്നു. 

തുടര്‍ന്ന് സ്ത്രീധന നിരോധന നിയമ പ്രകാരം വധു നല്‍കിയ പരാതിയില്‍ കേസെടുത്തു വരനേയും, മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല, ‍‍ഞായറാഴ്ച മൊഴിയെടുക്കാമെന്ന് അറിയിച്ചു
പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി തൂങ്ങിമരിച്ചു