എന്നും 'അവള്‍ക്കൊപ്പ'മെന്ന് ഡബ്ലു സി സി

Web Desk |  
Published : Jul 08, 2018, 02:29 PM ISTUpdated : Oct 02, 2018, 06:50 AM IST
എന്നും 'അവള്‍ക്കൊപ്പ'മെന്ന് ഡബ്ലു സി സി

Synopsis

തങ്ങള്‍ ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പണെന്നും ഡബ്ലുസിസി 

സീരിയല്‍ സംവിധായകനെതിരെ തുറന്നടിച്ച നടിയെ പിന്തുണച്ച് വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. സ്വന്തം തൊഴിൽ മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയൽ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമാണെന്ന് ഡബ്ലുസിസി ഫേസ്ബുക്കില്‍ കുറിച്ചു. 

ചലച്ചിത്ര വ്യവസായ രംഗത്തെ ഒരു തൊഴിലിടമായി കണ്ട്, അവിടെ സ്ത്രീ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിയമപരമായി തന്നെ ആവശ്യമുള്ള ഒരു ഇന്റേണൽ കംപ്ലൈന്റ്സ് കമ്മറ്റി (ഐ.സി.സി) രൂപീകരിക്കാൻ വേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിലാണ് തങ്ങൾ. 90 വയസ്സായ നമ്മുടെ സിനിമയിൽ ഒരു ഐ.സി.സി. സംവിധാനം ഇല്ലെന്നത് തന്നെ അന്യായമാണ്. 

തൊഴിൽ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ നടിയുടെ കാര്യത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും തങ്ങള്‍ ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പണെന്നും ഡബ്ലുസിസി പറഞ്ഞു. 

ഡബ്ലുസിസി പോസ്റ്റ് വായിക്കാം

#അവൾക്കൊപ്പം
ഇന്നലെ ഒരു നടി സ്വന്തം തൊഴിൽ മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയൽ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നിൽ ഉയർന്നു വന്നിരിക്കുകയാണ്.

കേരളത്തിൽ ഇപ്പോൾ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എന്തു തരം ബദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകൾ റിപ്പോർട്ട് ചെയ്യതാൽ ഉടനെ തന്നെ അക്കാര്യത്തിൽ ഡബ്ല്യു.സി.സി. എന്തു ചെയ്തു എന്ന ചോദ്യം ഉയർന്നു വരുന്നതും ഉയർത്തിക്കാണുന്നതും പതിവായിരിക്കുകയാണ്. ഡബ്ല്യു.സി.സി. എന്ന പ്രസ്ഥാനത്തിനുള്ള ഒരംഗീകാരമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഒരു സ്ത്രീയും ബുദ്ധിമുട്ടിലകപ്പെടുന്നതോ പീഡിപ്പിക്കപ്പെടുന്ന ആയ ഒരു സാഹചര്യവും ഇവിടെ ഉണ്ടാകാൻ പാടില്ല . ഞങ്ങൾ നിലകൊള്ളുന്നത് തന്നെ അതിനാണ്. ചലച്ചിത്ര വ്യവസായ രംഗത്തെ ഒരു തൊഴിലിടമായി കണ്ട്, അവിടെ സ്ത്രീ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിയമപരമായി തന്നെ ആവശ്യമുള്ള ഒരു ഇന്റേണൽ കംപ്ലൈന്റ്സ് കമ്മറ്റി (ഐ.സി.സി) രൂപീകരിക്കാൻ വേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിലാണ് ഞങ്ങൾ. 90 വയസ്സായ നമ്മുടെ സിനിമയിൽ ഒരു ഐ.സി.സി. സംവിധാനം ഇല്ലെന്നത് തന്നെ അന്യായമാണ്. 
എന്നാൽ ശമ്പളം വാങ്ങി നീതി നടപ്പിലാക്കാൻ ബാധ്യസ്ഥരായ പോലീസിനോടോ മറ്റ് നീതി നിർവ്വഹണ സംവിധാനങ്ങളോടോ ലക്ഷങ്ങൾ അംഗത്വ ഫീസായി കൈപറ്റി വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു പോരുന്ന ചലച്ചിത്ര രംഗത്തെ വൻ സംഘടനകളോടോ ചോദിക്കാത്ത ചോദ്യം , ഒരു വർഷം മാത്രം പ്രായമുള്ള , ഏതാനും സ്ത്രീകൾ മാത്രമുള്ള ഡബ്ല്യു.സി.സി.യോട് ചോദിക്കുന്നതിന് പിറകിൽ നിഷ്ക്കളങ്കമായ താലപര്യമാണുള്ളത് എന്ന് ഞങ്ങൾ കരുതുന്നില്ല. അതിന് പിന്നിൽ തീർത്തും സ്ഥാപിത താല്പര്യങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ ഈ ചോദ്യം ചോദിക്കുന്നത് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയുള്ള അവൾക്കൊപ്പം പോരാട്ടത്തിൽ കുറ്റാരോപിതനൊപ്പം നിന്ന കക്ഷികളാണ്. എങ്കിലും ഇത് ഞങ്ങളുടെ ഉത്തരവാദിത്വബോധം വർദ്ധിപ്പിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

ഞങ്ങളുടെ ഈ പോരാട്ടത്തിന്റെ ഭാഗമായാണ് ചരിത്രത്തിൽ ആദ്യമായി സിനിമാരംഗത്തെ പഠിക്കാൻ സർക്കാർ ഹേമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. അവർ പണി തുടങ്ങിക്കഴിഞ്ഞു എന്നത് പ്രത്യാശാഭരിതമാണ്. ഐ.സി.സി.രൂപീകരിക്കാതെ നമുക്ക് ഒരടി മുന്നോട്ട് പോകാനാകില്ല. അതിന്റെ രൂപീകരണത്തിലെത്താതെ ഞങ്ങൾ ഒരടി പിന്നോട്ടുമില്ല . ആക്രമിക്കപ്പെട്ട നടിയുടെ മാത്രമല്ല , ഇന്നലെ പരാതിയുമായി വന്ന നടി അടക്കമുള്ള ഓരോ വ്യക്തികളുടെയും പ്രശ്നങ്ങൾ തീർക്കാൻ അതൊരു മുൻ ഉപാധിയാണ്.

ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാൻ വേണ്ടിയാണ്.

തൊഴിൽ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിർവ്വഹണ സംവിധാനങ്ങൾ ആ പണി ചെയ്യുന്നില്ലെങ്കിൽ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകൾക്കുണ്ട്.ഞങ്ങൾക്കുമുണ്ട്. ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു