ഗ്രൂപ്പുകളി പ്രോത്സാഹിപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

By Web DeskFirst Published Jul 7, 2016, 2:11 PM IST
Highlights

ദില്ലി: കേരളത്തിൽ  ഗ്രൂപ്പുകളി പ്രോത്സാഹിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.  തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഒരാളുടെ മേൽ കെട്ടിവയ്ക്കാനാവില്ലെന്നും രാഹുൽ ഗാന്ധി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. എന്നാൽ കേരളത്തിൽ നേതൃത്വത്തിലടക്കം അടിമുടി മാറ്റം വേണമെന്ന് എ, ഐ ഗ്രൂപ്പ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി പ്രത്യേകം, പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ അതിപ്രസരത്തെക്കുറിച്ച് രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. 10 വര്‍ഷം മുമ്പ് സംഘടനയായിരുന്നു മുമ്പില്‍. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ പാര്‍ട്ടിക്കും മുകളിലാണ്. ഇതാണ് യാഥാര്‍ഥ്യം. ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പ് അനുവദിക്കില്ല. തെരഞ്ഞെടുപ്പിലെ തോല്‍വി ഒരാളുടെ മേല്‍ കെട്ടിവെയ്ക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനയെ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ രാഹുല്‍ ഗാന്ധി നേതാക്കളില്‍ നിന്ന് പ്രത്യേകം, പ്രത്യേകം കേട്ടു. ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടണമെന്ന നിര്‍ദേശവും നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍വെച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പോഷകസംഘടനാ നേതാക്കളും ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം കെപിസിസി അധ്യക്ഷന്‍ വി എം സുധീരനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൂടിയാണെന്ന് ചില പോഷകസംഘടനാ നേതാക്കള്‍ രാഹുലിനോട് പറഞ്ഞു. മേല്‍ത്തട്ടുമുതല്‍ മാറ്റം വേണമെന്ന നിര്‍ദേശമാണ് മഹിളാ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. പാര്‍ട്ടിയില്‍ ഐക്യമാണ് പ്രധാനമെന്ന് നേതാക്കളോട് ആദ്യം സംസാരിച്ച പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കെപിസിസി, ഡിസിസി ഭാരവാഹികളെ പുന:സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ചകള്‍. എന്നാല്‍ കെപിസിസി അധ്യക്ഷനെ മാറ്റില്ലെന്ന കൃത്യമായ സന്ദേശവും രാഹുല്‍ അതോടൊപ്പം നല്‍കുന്നു.

 

click me!