
ദുബായ്: ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് ഓഫിസ് കെട്ടിടം ദുബായില്‍ തുറന്നു. എമിറേറ്റ്‌സ് ടവേഴ്‌സിന് സമീപത്താണു കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വമ്പന്‍ ത്രീഡി പ്രിന്റര്‍ ഉപയോഗിച്ചാണു ഈ കെട്ടിടം തയ്യാറാക്കിയിരിക്കുന്നത്. 20 അടി ഉയരവും 120 അടി നീളവും 40 അടി വീതിയുമുള്ള പിന്റര്‍ ഉപയോഗിച്ച് അക്ഷരാര്‍ത്ഥത്തില്‍ പ്രിന്റിംഗ് ചെയ്ത് എടുക്കുകയായിരുന്നു ഈ കെട്ടിടം. സിമെന്റും മറ്റ് അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്.
അകംപുറം വശങ്ങളിലെ ഡിസൈനുകള്‍ അടക്കം മുഴുവന്‍ കെട്ടിടം 17 ദിവസങ്ങള്‍ കൊണ്ടാണ് ഇങ്ങനെ ത്രീഡി പ്രിന്റിംഗ് ചെയ്‌തെടുത്തത്. പിന്നീട് ഇവ എമിറേറ്റ്‌സ് ടവേഴ്‌സ് പ്രദേശത്ത് കൊണ്ടുവന്നു സ്ഥാപിക്കുകയായിരുന്നു. രണ്ടു ദിവസം മാത്രമെടുത്താണ് കെട്ടിട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. സാധാരണ കെട്ടിട നിര്‍മാണത്തില്‍നിന്നു വ്യത്യസ്തമായി തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തില്‍ അധികം കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിച്ചിട്ടുണ്ട്.
ദുബായ് ത്രീഡി പ്രിന്റിംഗ് സ്ട്രാറ്റജി പ്രഖ്യാപിച്ച് ഒരു മാസത്തിനകമാണ് ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റണ്ട് ഓഫീസ് കെട്ടിടം ദുബായില്‍ ഉദ്ഘാടനം ചെയ്തത്. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ താല്‍ക്കാലിക ഓഫീസായാണ് ഈ കെട്ടിടം പ്രവര്‍ത്തിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam