
അഹമ്മദാബാദ്: മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവനയെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെൻ. മോദി അവിവാഹിതനാണെന്നായിരുന്നു ആനന്ദിബെൻ പട്ടേലിന്റെ പരാമർശം. എന്നാൽ ഇത് കേട്ടപ്പോൾ താൻ അത്ഭുതപ്പെട്ടു എന്നാണ് യശോദാ ബെന്നിന്റെ പ്രതികരണം. ഗുജറാത്തിലെ മുൻനിര പത്രങ്ങളിലൊന്നിലാണ് ഈ വാർത്ത വന്നത്.
''അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല എന്ന ഗവർണറുടെ പരാമർശം എന്നെ അത്ഭുതപ്പെടുത്തി. കാരണം 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഭാര്യയായി എന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.'' തന്റെ സഹോദരനായ അശോക് മോദിയുടെ മൊബൈലിൽ ചിത്രീകരിച്ച വീഡിയോയിലാണ് യശോദാ ബെൻ ഇപ്രകാരം പറഞ്ഞിരിക്കുന്നത്. ''ഇത്രയും വിദ്യാസമ്പന്നയായ ഒരാൾ ഇത്തരത്തിലുളള പരാമർശങ്ങൾ നടത്താൻ പാടില്ലാത്തതാണ്. മാത്രമല്ല ഇത്തരം പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിക്കും. അദ്ദേഹത്തെ ഞാൻ ആദരിക്കുന്നു, അദ്ദേഹമെനിക്ക് രാമനാണ്.'' - യശോദാ ബെൻ കൂട്ടിച്ചേർത്തു.
യശോദാ ബെൻ തന്നെയാണ് ഇത്തരത്തിൽ വീഡിയോയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് അശോക് മോദി വെളിപ്പെടുത്തുന്നു. ''സമൂഹമാധ്യമങ്ങൾ ഈ വാർത്ത വിശ്വസിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. എന്നാൽ ഗുജറാത്തിലെ മുൻനിരപത്രങ്ങളിലൊന്നിലാണ് ഈ വാർത്ത വന്നത്. യശോദാ ബെൻ ഈ രേഖകൾ എഴുതി വായിക്കുന്നത് ഞങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്.'' അശോക് മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam