പ്രതിരോധം വിജയത്തിലേക്ക്; കോണ്‍ഗ്രസ് ക്യാംപില്‍ ആവേശം

By Web DeskFirst Published May 19, 2018, 2:15 PM IST
Highlights
  • നാല് ദിവസത്തെ കഠിന പോരാട്ടത്തിനൊടുവില്‍ ബിജെപി പിന്മാറിയെന്ന വാര്‍ത്ത വന്നതോടെ കോണ്‍ഗ്രസ് ക്യാംപില്‍ ആവേശം തിരിച്ചെത്തിയിരിക്കുകയാണ്....
     

ബെംഗളൂരു: നാല് ദിവസം നീണ്ടു നിന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടക ഭരിക്കാനുള്ള ശ്രമത്തില്‍ നിന്നും ബിജെപി പിന്മാറുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെ ബിജെപി മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജിവയ്ക്കാനൊരുങ്ങുന്നു. 

യെദ്യൂരപ്പ രാജിവയ്ക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ജെഡിഎസ്-കോണ്‍ഗ്രസ് ക്യാംപില്‍ നിന്നും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്ര എംഎല്‍എമാരെ സംഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അട്ടിമറി നീക്കം ബിജെപി ഉപേക്ഷിച്ചത്. യെദ്യൂരപ്പ രാജിവയ്ക്കുന്ന കാര്യം ജാവദേക്കര്‍ തന്നെ ചില മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചതായാണ് സൂചന. 

അതേസമയം സത്യപ്രതിജ്ഞ ചെയ്യാതെ വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അല്‍പസമയം താജ് ഹോട്ടലില്‍ നിന്നും നിയമസഭയിലേക്ക് തിരിച്ചു. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും ഉഗ്രപ്പയും ഹോട്ടലിലെത്തി എംഎല്‍എമാരെ കണ്ടതോടെയാണ് ഇവര്‍ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെട്ടത്. എന്തായാലും നാല് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഭരണം പിടിക്കാതെ ബിജെപി പിന്മാറിയതോടെ കോണ്‍ഗ്രസ് ക്യാംപില്‍ ആവേശം തിരിച്ചെത്തിയിരിക്കുകയാണ്.
 

click me!