യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കൊന്ന് കുടിവെള്ള ടാങ്കില്‍ തള്ളി

By Web DeskFirst Published Aug 1, 2017, 11:18 PM IST
Highlights

യമനില്‍ മലയാളി യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കൊന്ന് കുടിവെള്ള ടാങ്കില്‍ തള്ളി. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയയ്ക്കായി അല്‍ ദൈദ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

യമനിലെ അല്‍ ദൈദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദൈദില്‍ നഴ്സായി ജോലിചെയ്യുകയായിരുന്ന മലപ്പുറം കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ സ്വദേശിയായ ഭര്‍ത്താവിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയതായാണ് പരാതി. ഇന്നലെയാണ് താമസിക്കുന്ന ഫ്ലാറ്റിനു മുകളിലെ കുടിവെള്ള ടാങ്കില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ മതദേഹം പോലീസ് കണ്ടെത്തിയത്. നൂറ്റി പത്തു കഷ്ണങ്ങളാക്കിയ  നിലയിലായിരുന്നു മൃതദേഹം.

ഒരു വര്‍ഷം മുമ്പാണ് ഇരുപത്തിയെട്ടുവയസ്സുകാരിയായ നിമിഷ കൂടെ ജോലിചെയ്യുകയായിരുന്ന യമന്‍ സ്വദേശിയെ വിവാഹം കഴിച്ചത്. ആശുപത്രി നല്‍കിയ താമസയിടത്തുവച്ചായിരുന്നു കൊലപാതകം. അസ്വാഭാവികമായ നാറ്റം അനുഭവപ്പെട്ടതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന്‍റെ പശ്ചാതലത്തില്‍ നിമിഷയ്ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. യമനിലെ ദെയ്ദില്‍ നിന്ന് ഏദനിലേക്കോ മാറിഡിലേക്കോ അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നാണ് പോലീസിന്‍റെ നിഗമനം. ഇവരുടെ പാസ്പോര്‍ട്ട് ആശുപത്രിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ജിബൂത്തിയിലെ ഇന്ത്യന്‍ എംബസി മരിച്ചയാളുടെ ഭാര്യ മലപ്പുറം കാരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

click me!