
വികസനമെന്നാല്‍ അഖിലേഷിന് കബറിടങ്ങള്‍ക്ക് ചുറ്റുമതില്‍ പണിയുന്നതാണെന്ന് ബിജെപി എം പി യോഗി ആദിത്യനാഥ്. തോല്‍ക്കുമ്പോള്‍ ഉത്തരവാദിത്വം തലയില്‍ കെട്ടി വെക്കാനാണ് അഖിലേഷ് രാഹുലിനെ ഒപ്പം കൂട്ടിയിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അഞ്ച് വര്‍ഷമായി യുപിയില്‍ വൈദ്യുതിയോ, നിരത്തുകളോ, അരോഗ്യ രക്ഷാ സംവിധാനങ്ങളോ കര്‍ഷകര്‍ക്കുള്ള സഹായമോ ഇല്ല. ഒരു കാര്യം ചെയ്തു കബറിസ്ഥാനുകള്‍ക്ക് ചുറ്റുമതില്‍ പണിതു. പിന്നെ വയസ്സായ പിതാവിനെ സൈക്കിളില്‍ നിന്ന് ഇറക്കി വിട്ടു. ഇപ്പോള്‍ യുപിയില്‍ ഒരു പിതാവും മകന് അഖിലേഷ് എന്ന് പേരിടാന്‍ ആഗ്രഹിക്കുന്നില്ല- യോഗി ആദിത്യനാഥ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയോട് സഹതാപമുണ്ട്. രാഹുല്‍ എത്ര തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തി. എന്നാല്‍ എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തുടച്ചു നീക്കപ്പെട്ടു. രാഹുല്‍ ഗാന്ധി ഒപ്പമുണ്ടായിരുന്നത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കാരണം പറയാനാണ് എസ് പി കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയിരിക്കുന്നത്- യോഗി ആദിത്യനാഥ് പറഞ്ഞു.
ബിജെപി മികച്ച ഭൂരിപക്ഷത്തോടെ യുപിയില്‍ സര്‍ക്കാരുണ്ടാക്കും. അയോധ്യയില്‍ രാമന്‍റെ ക്ഷേത്രം പണിയണം. ഇത് ജനങ്ങളുടെ ആഗ്രഹമാണ്. എന്നാല്‍ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നു വേണം ഇതിന് പരിഹാരം കാണാന്‍. ഇവിടെ വിമതരില്ല. എല്ലാവരും ബിജെപി സ്ഥാനാര്‍ത്ഥികളാണ്. 300 സീറ്റിലധികം ബിജെപി നേടും- യോഗി ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam