അയോദ്ധ്യയില്‍ 100 മീറ്റര്‍ ഉയരമുളള ശ്രീരാമ പ്രതിമ സ്ഥാപിക്കാന്‍ യോഗി ആദിത്യനാഥ്

By Web DeskFirst Published Oct 9, 2017, 8:33 PM IST
Highlights

ലക്നൗ:  യുപിയിലെ അയോധ്യയിലെ സരയൂ തീരത്ത്  ശ്രീരാമ പ്രതിമ നിര്‍മിക്കാന്‍ യോഗി ആദിത്യനാഥ്. 100 മീറ്റര്‍ ഉയരമുളള പ്രതിമയാണ്  സര്‍ക്കാര്‍  ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്‍റെ നവ്യ അയോധ്യ  പദ്ധതിയുടെ ഭാഗമായാണ് പ്രതിമ നിര്‍മിക്കുന്നത്. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാം നായിക്കിന് മുന്നില്‍ സമര്‍പ്പിച്ചതായി രാജ് ഭവന്‍ ഇറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

100 മീറ്റര്‍ ഉയരമുള്ളതാണ് പ്രതിമയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അവസാന തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതി ലഭിച്ച ശേഷം പ്രതിമ നിര്‍മാണം
ആരംഭിക്കും. കൂടാതെ സരയൂ നദീ തീരത്ത് ശ്രീരാമ കഥാ ഗാലറി നിര്‍മാണത്തിനും ഓഡിറ്റോറിയം നിര്‍മാണത്തിനും സര്‍ക്കാരിന് പദ്ധതിയുണ്ട്. അയോധ്യാ വികസനത്തിന്‍റെ ഭാഗമായി 195.96 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട്
 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതില്‍ 133.70 കോടി രൂപയുടെ പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒക്ടോബര്‍ 18ന് അയോദ്ധ്യയില്‍ നടക്കുന്ന ദീപാവലി ആഘോഷ ചടങ്ങില്‍ പ്രഖ്യാപിക്കും.

 

 

click me!