അച്ഛന്‍റെ ഓര്‍മ്മക്കായി 10 ലക്ഷം രൂപ ലോണെടുത്ത് സ്റ്റേഡിയം നിര്‍മിച്ച് മകന്‍...

By Web DeskFirst Published Apr 9, 2018, 2:59 PM IST
Highlights
  • കായിക ഇനങ്ങളോടുള്ള പ്രണയം മകനും പകര്‍ന്നു കിട്ടി
  • പത്ത് ലക്ഷത്തോളം  രൂപാ ബാങ്ക് വായ്പയെടുത്ത് ബാഡ്മിന്‍റണ്‍ സ്റ്റേഡിയം പണിതു

ഇടുക്കി: പിതാവിന്‍റെ സ്നേഹ സ്മരണയ്ക്കായി സ്റ്റേഡിയം പണിത് മകന്‍.  രാജാക്കാട്ടിലാണ് പിതാവിന്‍റെ ഓര്‍മ്മക്കായി ലോണെടുത്ത് മകന്‍ സ്റ്റേഡിയം പണിതത്. ജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായിക അധ്യാപാകനായിരുന്ന ചെറുകുന്നത്ത് നാരായണന്‍ മാഷിന്റെ മകന്‍ പ്രശാന്താണ് പത്ത് ലക്ഷത്തോളം  രൂപാ ബാങ്ക് വായ്പയെടുത്ത് ബാഡ്മിന്‍റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം  നിര്‍മ്മിച്ചിരിക്കുന്നത്.  

പഠനത്തിനൊപ്പം  കായിക രംഗത്തും സംസ്ഥാനത്തെതന്നെ മികച്ച സ്‌കൂളുകളില്‍ ഒന്നായ രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിനെ  കായികമേഖലയിലേയ്ക്ക് കൈപിടിച്ച് നടത്തിയ അദ്യാപാകനായിരുന്നു നാരായണന്‍മാഷ്. കായികം എന്നത് ജീവിതമായിരുന്നു ഇദ്ദേഹത്തിന്.  പിതാവിന് കായിക ഇനങ്ങളോടുള്ള പ്രണയം മകനും പകര്‍ന്നു കിട്ടി.  ഏറ്റവും ഇഷ്ടപ്പെട്ട കായിക വിനോദം ഷട്ടില്‍ ബാഡ്മിന്‍റണ്‍. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉതകുന്ന കായിക വിനോദമായ ഷട്ടില്‍ ബാഡ്മിന്‍റണ്‍  പ്രേമികളുടെ എണ്ണം വര്‍ദ്ധിയ്ക്കുകയും ചെയ്തിട്ടുണ്ട്. 

വളര്‍ന്ന് വരുന്ന പുതു തലമുറയും ഈ കായിക വിനോദത്തിലേയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനും ടൂര്‍ണമെന്‍റുകള്‍  സംഘടിപ്പിക്കുന്നതിനും ഒരുവിധ സംവിധാനവും കുടിയേറ്റ ഗ്രാമത്തില്‍ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് നിലവില്‍ പ്രശാന്ത് ഇവര്‍ക്കായി ബാങ്ക് വായ്പ എടുത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് സമാനമായ രീതിയില്‍ മെമ്പര്‍ഷിപ്പ് നല്‍കി ഇവിടെ അംഗങ്ങളാക്കി പരിശീലനം  നല്‍കുന്നതിനാണ് ഇദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. 

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  കെ പി അനില്‍ നിര്‍വ്വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം റജി പനച്ചിക്കല്‍ ആദ്യ മെമ്പര്‍ഷിപ്പ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സതീശന്‍, പഞ്ചായത്തംഗങ്ങളായ കെ റ്റി  സുജിമോന്‍, പ്രിന്‍സ് മാത്യൂ, ബിജി സന്തോഷ്  മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും കായിക പ്രേമികളും പരിപാടിയില്‍ പങ്കെടുത്തു. 

click me!