'പാസ്റ്റ് അറ്റ് പ്രസന്‍റ്'; യുവജന കമ്മീഷന്‍ ദേശീയ സെമിനാര്‍ 20ന് തുടങ്ങും

By Web DeskFirst Published Mar 19, 2017, 6:38 AM IST
Highlights

'പാസ്റ്റ് അറ്റ് പ്രസന്റ്' എന്ന് പേരിട്ടിരിക്കുന്ന സെമിനാറില്‍ ദേശീയത, മാധ്യമം, സംസ്‌കാരം, പരിസ്ഥിതി, കേരള മാതൃക തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.   20ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിക്കും. കെ.മുരളീധരന്‍ എംഎല്‍എ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഡോ. ബി. അശോക്, ചലച്ചിത്രനടന്‍ മധു തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. യൂത്ത് കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ആര്‍.ആര്‍. സഞ്ജയ് കുമാര്‍ സ്വാഗതവും എ. ബിജി നന്ദിയും പറയും.

21ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട സെഷനില്‍ കെ.എന്‍.ബാലഗോപാല്‍, ദേശീയതയുമായി ബന്ധപ്പെട്ട സെഷനില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, സംസ്‌കാരവുമായി ബന്ധപ്പെട്ട സെഷനില്‍ ഡോ. ജി.അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. മാധ്യമവുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ ഗൗരീദാസന്‍ നായര്‍, കെ.ജെ.ജേക്കബ്, ആര്‍.എസ്.ബാബു, ഷാനി പ്രഭാകര്‍, ഇ.സനീഷ്, എബി തരകന്‍, സെബിന്‍ എ. ജേക്കബ് എന്നിവര്‍ സംസാരിക്കും. 

കേരള മാതൃകയെപ്പറ്റി ഡോ. കെ.എന്‍.ഹരിലാലും ഭാഷയിലേയും സംസ്‌കാരത്തിലേയും വൈവിധ്യത്തേയും ദേശീയ അസ്തിത്വത്തേയും പറ്റി കവികളായ കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, ഗിരീഷ് പുലിയൂര്‍ എന്നിവരും സംസാരിക്കും.  22ന് രാവിലെ ലിംഗ സമത്വത്തെപ്പറ്റി ഡോ. എം.എ. സിദ്ദീഖ്, സുജ സൂസന്‍ ജോര്‍ജ്, ശീതള്‍ ശ്യാം തുടങ്ങിയവര്‍ സംസാരിക്കും. 

ഭാവി പ്രതീക്ഷകളെപ്പറ്റി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, തദ്ദേശവകുപ്പു മന്ത്രി ഡോ.കെ.ടി.ജലീല്‍, വി.എസ്.ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സെഷനോടെ സെമിനാര്‍ സമാപിക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം, സെക്രട്ടറി പി.പി.സജിത, അംഗം ആര്‍.ആര്‍. സഞ്ജയ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

click me!