തൊടുപുഴയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ലോക്കപ്പ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

By Web DeskFirst Published Dec 5, 2017, 6:23 AM IST
Highlights

ഇടുക്കി: തൊടുപുഴയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. തൊടുപുഴ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കള്‍ രണ്ടര മണിക്കൂര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. പരിശോധിച്ച് നടപടിയെടുക്കുമെന്ന് റേഞ്ച് ഐ.ജി. പി.വിജയന്‍ അറിയിച്ചതോടെയാണ് മൃതദേഹം മാറ്റാന്‍ ബന്ധുക്കള്‍ തയ്യാറായ്.

പൊലീസ് കസ്റ്റഡിയില്‍നിന്ന് 4 ദിവസം മുന്പ് വിട്ടയച്ച പെരുമാംകണ്ടം സ്വദേശി രജീഷ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറായ രജീഷിനെ തൊടുപുഴ സി.ഐ. എന്‍.ജി. ശ്രീമോന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇതെത്തുടര്‍ന്നാണ് ആത്മഹത്യയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൂവാറ്റുപുഴയില്‍നിന്ന് രജീഷിന്‍റെ മൃതദേഹവുമായി ബന്ധുക്കള്‍ തൊടുപുഴയിലേക്കെത്തി. സ്റ്റേഷന് സമീപം ആംബുലന്‍സ് പൊലീസ് തടഞ്ഞു. ഇതോടെ മൃതദേഹം നിലത്തിറക്കിവെച്ച് ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനിടെ പല തവണ പൊലീസും രജീഷിന്‍റെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മധ്യമേഖലാ റേഞ്ച് ഐജി പി. വിജയന്‍ അറിയിച്ചതോടെ മൃതദേഹം വീട്ടിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തയ്യാറായി.

കുമാരമംഗലം സ്വദേശിയായ പെണ്‍കുട്ടിയുമായി രജീഷ് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്‍മേല്‍ രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സി.ഐ. എന്‍.ജി. ശ്രീമോന്‍ പറയുന്നു.

click me!