മോഷ്ടിച്ച പണം കൊണ്ട് പാവങ്ങള്‍ക്ക് ഭക്ഷണവും യാത്രസൗകര്യവും , റോബിന്‍ ഹുഡിന് ഒരു 'ഗുജറാത്ത് മോഡല്‍'

By Web DeskFirst Published Jun 25, 2018, 1:06 PM IST
Highlights
  • കൊറിയര്‍ കമ്പനിയിലെ ഏജന്റായി ജോലി ചെയ്തിരുന്ന ഇയാള്‍ പതിനഞ്ചുദിവസങ്ങള്‍ക്ക് മുമ്പാണ് വന്‍തുക മോഷ്ടിച്ച് കടന്നുകളഞ്ഞത്

വൃന്ദാവന്‍: കൊറിയര്‍ കമ്പനിയില്‍ നിന്ന് 80 ലക്ഷം രൂപ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. മോഷ്ടിച്ച പണമുപയോഗിച്ച് ഭിക്ഷക്കാര്‍ക്കും പാവങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നതിന് ഇടയിലാണ് അറസ്റ്റ്. മുംബൈയിലെ പ്രമുഖ കൊറിയര്‍ കമ്പനിയില്‍ നിന്നാണ് വന്‍തുകയുമായി ജീവനക്കാരനായിരുന്ന യുവാവ് മുങ്ങിയത്. ഇന്നലെ ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ പാവങ്ങള്‍ക്കുള്ള സദ്യ നടക്കുന്നതിന് ഇടയില്‍ പൊലീസെത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

രമേഷ് ഭായി എന്ന മുപ്പത്തഞ്ചുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ പഠാന്‍ ജില്ലക്കാരനാണ് രമേഷ്. 10.68 ലക്ഷം രൂപയും 118 ഗ്രാം സ്വര്‍ണവും 5 മൊബൈല്‍ ഫോണും പൊലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊറിയര്‍ കമ്പനിയിലെ ഏജന്റായി ജോലി ചെയ്തിരുന്ന ഇയാള്‍ പതിനഞ്ചുദിവസങ്ങള്‍ക്ക് മുമ്പാണ് വന്‍തുക മോഷ്ടിച്ച് കടന്നുകളഞ്ഞത്. 

മോഷ്ടിച്ച തുകയുപയോഗിച്ച് ഭിക്ഷക്കാര്‍ക്ക് പണവും ഭക്ഷണവും  നല്‍കുകയായിരുന്നു ഇയാളുടെ പ്രധാന പരിപാടി. നിരവധി സ്ഥലങ്ങളില്‍ കൂടി സഞ്ചരിച്ചാണ് ഇയാള്‍ ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ എത്തുന്നത്. അമ്പലങ്ങളുടെ പുനരുദ്ധാരണത്തിനും യമുനാ നദിയില്‍ ബോട്ട് ഗതാഗതം എളുപ്പമാക്കുന്നതിനായും വന്‍തുക ഇയാള്‍ സംഭാവന ചെയ്തെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 
 

click me!