കുറ്റം തെളിയുവരെ ദിലീപ് നിഷ്‍കളങ്കനെന്ന് സക്കറിയ

Published : Jul 15, 2017, 03:57 PM ISTUpdated : Oct 05, 2018, 02:15 AM IST
കുറ്റം തെളിയുവരെ ദിലീപ് നിഷ്‍കളങ്കനെന്ന് സക്കറിയ

Synopsis

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പരോക്ഷമായി പിന്തുണച്ച് എഴുത്തുകാരന്‍ സക്കറിയ. യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ പേരില്‍ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണെന്നും തെളിവെടുപ്പ് നടക്കുന്നതേയുള്ളുവെന്നും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. ഒരു വ്യക്തിയില്‍ ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ലോകമെങ്ങും പരിപാലിക്കപ്പെടുന്ന ധാര്‍മ്മിക നിയമമാണ്.

പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതെന്നും സക്കറിയ കുറ്റപ്പെടുത്തുന്നു. ആക്രമിക്കപ്പെട്ട യുവനടിയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും ദിലീപിന്റെ കുറ്റം തെളിയിക്കാന്‍ പോലീസിനേയും കോടതിയേയും അനുവദിക്കണമെന്നും ദിലീപാണ് കുറ്റവാളിയെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹത്തിനു ലഭിക്കട്ടെ എന്നു പറഞ്ഞാണ് സക്കറിയയുടെ പോസ്റ്റ് അവസാനമിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം.


പ്രിയ സുഹൃത്തുക്കളെ,
ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍- അനേക ലക്ഷം മലയാളികളെപ്പോലെ. പക്ഷേ എന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത്.
യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടന്‍ ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതും.

ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് പറയാതെ വയ്യ. പൗരന്മാരായ നമ്മെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരവുമാണ്. കാരണം ആരുടെ മേലും ഇത്തരമൊരു മുന്‍വിധി അടിച്ചേല്‍പിക്കപ്പെട്ടേക്കാം. കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്‌കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗരുതരമായ മനുഷ്യാവകാശ ലംഘനമാണ്- കുറ്റകൃത്യത്തിന്റെ സ്വഭാവം എത്രമാത്രം ഗുരുതരമായാലും. ഒരു വ്യക്തിയില്‍ ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ലോകമെങ്ങും പരിപാലിക്കപ്പെടുന്ന ധാര്‍മ്മിക നിയമമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശങ്ങളും പ്രഹസനങ്ങളായി മാറുന്നു.

ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നില നിര്‍ത്തുമ്പോള്‍ തന്നെ നാം ഒരു കാടന്‍ സമൂഹത്തേപ്പോലെ- രക്ത ദാഹികളെപ്പോലെ- പെരുമാറുന്നത് നമ്മോടു തന്നെയും നമ്മുടെ ഭാവി തലമുറയോടും ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണെന്നാണ് എന്റെ എളിയ അഭിപ്രായം. ദിലീപിന്റെ കുറ്റം തെളിയിക്കാന്‍ പോലീസിനേയും കോടതിയേയും അനുവദിക്കുക. ദിലീപാണ് കുറ്റവാളിയെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹത്തിനു ലഭിയ്ക്കട്ടെ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ