
ഹരാരെ: സിംബാബ്‌വേയില്‍ സൈനിക അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്‍റ് മുഗാബെയുടെ കൊട്ടാരവും പാര്‍ലമെന്‍റ് മന്ദിരവും സുപ്രധാന സര്‍ക്കാര്‍ ഓഫീസുകളെല്ലാം സൈന്യം വളഞ്ഞു. നഗരത്തിലെ പ്രധാന റോഡുകള്‍ എല്ലാം സൈനിക ട്രക്കുകള്‍ നിരന്നിരിക്കുകയാണ്. എന്നാല്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ സുരക്ഷിതനാണെന്ന് സൈന്യം അറിയിച്ചു.
രാജ്യം ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച 1980 മുതല്‍ സിംബാബ്‌വേയില്‍ അധികാരം കൈവശം വച്ചിരിക്കുന്നത് 93കാരനായ മുഗാബെയാണ്. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ദേശീയ ടെലിവിഷന്‍ ചാനലും പിടിച്ചെടുത്തു. 'സാമൂഹിക, സാമ്പത്തിക ദുരിതത്തിന്' ഇടയാക്കിയ മുഗാബെയുടെ അനുയായികളാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈന്യം പറയുന്നുണ്ട്.
തലസ്ഥാന നഗരമായ ഹരാരെയ്ക്ക് വടക്കന്‍ മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ വന്‍ സ്‌ഫോടക ശബ്ദങ്ങളും വെടിയൊച്ചകളും കേട്ടതായി റിപ്പോര്‍ട്ടുണ്ട്. അട്ടിമറിയല്ലെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും പ്രസിഡന്റിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണവും പുറത്തുവന്നിട്ടില്ല. പ്രസിഡന്റ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് സൂചിപ്പിക്കുന്ന ട്വിറ്റര്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
'സിംബാബ്‌വെയില്‍ ഭരണഘടനാവിരുദ്ധമായ സര്‍ക്കാര്‍ മാറ്റത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ പ്രതികരിച്ചു. വിദേശ രാജ്യങ്ങള്‍ എംബസികള്‍ക്കും പൗരന്മാര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടാള അട്ടിമറിയിലേക്കാണ് രാജ്യം പോകുന്നതെങ്കില്‍ പ്രസിഡന്‍റിന്‍റെ പത്‌നി ഗ്രേസ് മുഗാബെയുടെ അധികാര സ്വപ്നങ്ങള്‍ക്കു കൂടിയാണ് പൂട്ടുവീഴൂന്നത്.
മുഗാബെയ്ക്ക് ശേഷം നേതാവായി അധികാരം പിടിച്ചെടുക്കാമെന്ന് സ്വപ്നം കണ്ടു നടക്കുന്ന പ്രഥമ വനിതയായിരുന്നു അവര്‍. പ്രസിഡന്റിന്‍റെ ഓഫീസ് സെക്രട്ടറിയായി എത്തിയ ഗ്രേസ് 1996 ല്‍ അദ്ദേഹത്തിന്‍റെ ഭാര്യയായി. നിരവധി കേസുകളില്‍ ഇവര്‍ ആരോപണ വിധേയയാണെങ്കിലും നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam