മഹാബലി.. സുന്ദര കഥയിലെ നന്മയുടെ ചക്രവര്‍ത്തി..!

Published : Aug 25, 2016, 08:13 AM ISTUpdated : Oct 04, 2018, 04:20 PM IST
മഹാബലി.. സുന്ദര കഥയിലെ നന്മയുടെ ചക്രവര്‍ത്തി..!

Synopsis

ഹാബലി.. നാടോടി മിത്തുകളിലൂടെ പ്രിയങ്കരനായ ദ്രാവിഡ രാജാവ്. നന്മയുടെ ചക്രവര്‍ത്തിയായ മഹാബലി എന്ന മാവേലിയുടെ ഓര്‍മ്മദിനങ്ങളാണ് ഓണക്കാലമെന്നാണ് വിശ്വാസം. മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളും കഥകളും നിരവധിയുണ്ട്. അവയില്‍ ഏറെ ജനപ്രിയം വാമനനുമായി ബന്ധപ്പെട്ടതാണഅ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകൻ ആയിരുന്നു മഹാബലി.

ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മാവേലിയുടെ ഭരണകാലം. എങ്ങും സമൃദ്ധി. ഐശ്വര്യം. ഇതില്‍ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി. മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം നടത്തുന്നതിനിടയില്‍ വാമനനായി അവതാരിച്ച മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിയില്‍ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു.

വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയെന്നും അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയെന്നും വര്‍ഷത്തിലൊരിക്കൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകിയെന്നും കഥകള്‍.

മഹാഭാരതത്തിലും പുരാണങ്ങളിലും പരാമർശിതനായ ദൈത്യരാജാവാണ് യഥാർത്ഥത്തിൽ ബലി എന്നും വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ ഗുജറാത്തിലുള്ള രണ്ട് വ്യത്യസ്ത മുസ്ലീം സന്യാസിമാരും മഹാബലി എന്ന നാമഥേയത്തിൽ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ ചേരരാജാക്കന്മാരുടെ കീഴിൽ കൊങ്ങുനാട്ടിലെ അമരാവതി തീരത്തെ കരവൂരിൽ വാണ കൊങ്കിളം കോവരരാണ് മഹാബലീ വംശജരെന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു. ഈ വംശത്തിൽ പെട്ടതും തൃക്കാക്കര ആസ്ഥാനമാക്കിയിരുന്നതുമായ മഹാനായ ഒരു ചേരരാജാവാണ് മഹാബലി എന്നാണ് ഇവരുടെ വാദം.

ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രവും ദൈത്യരാജാവുമായ ബലിയും നാടോടിക്കഥകളിലെ ബലിരാജ്യത്തിലെ ബലിയും ഒരേ വ്യക്തി തന്നെയാണൊ എന്നതും നിരവധി ഗവേഷണങ്ങള്‍ക്കു വിഷയമായിരുന്നു. രണ്ടും രണ്ടാണെന്നാണ്‌ പ്രബലമായ വിലയിരുത്തൽ. മഹാബലി ചേരവംശസ്ഥാപകനും തൃക്കാക്കര തലസ്ഥാനമാക്കി കേരളം വാണ ചക്രവർത്തിയാണ് എന്ന് ഐതിഹ്യത്തിന് അടിസ്ഥാനമുണ്ട് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്. തികച്ചും ദ്രാവിഡരീതിയിലുള്ള കേരളീയ ഓണാഘോഷം തന്നെ തെളിവായി ഇവര്‍ചൂണ്ടിക്കാണിക്കുന്നു.

PREV
click me!