ഓണം ഓഫറുകള്‍ക്ക് പിന്നിലെ ബിസിനസ് മാജിക്ക്; ഓണം എന്തുകൊണ്ട് ബ്രാന്‍ഡുകളുടെ പരീക്ഷണ വേദിയാകുന്നു

By Web TeamFirst Published Aug 7, 2019, 3:35 PM IST
Highlights

ഓണം കമ്പനികള്‍ക്ക് വെറും പരീക്ഷണസമയം മാത്രമാണെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. ഇന്ത്യയിലെ ഇലക്ട്രോണിക് - ഗൃഹോപകരണങ്ങളുടെ ആകെ വില്‍പ്പനയുടെ നാല് മുതല്‍ എട്ട് ശതമാനം വരെയാണ് കേരളത്തിലെ വില്‍പ്പന. കേരളത്തില്‍ ആകെ വില്‍ക്കുന്ന ഇലക്ട്രോണിക് - ഗൃഹോപകരണങ്ങളുടെ 60 ശതമാനം വില്‍പ്പനയും നടക്കുന്നത് ഓണം സീസണിലും.

കേരളമെന്നും ഓണമെന്നും കേട്ടാല്‍ ആവേശം കൊള്ളുന്നവരാണ് ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ മുതല്‍ മുട്ടായി വില്‍ക്കുന്ന ചെറിയ കമ്പനികള്‍ വരെയുളളവര്‍. ഇങ്ങനെ ആവേശം കൊള്ളാന്‍ എന്താ ഇത്ര കാരണമെന്നാവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

കാരണം വേറോന്നുമല്ല ഒരു വര്‍ഷത്തെ ഫെസ്റ്റിവല്‍ സീസണ്‍ വില്‍പ്പന വിവിധ കമ്പനികള്‍ തുടങ്ങുന്നത് കേരളത്തില്‍ നിന്നാണ്. ഫെസ്റ്റിവല്‍ ഓഫറുകള്‍ പരീക്ഷിക്കുക, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്രമാത്രം നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് പരിശോധിക്കുക തുടങ്ങിയ നിരവധി വിഷയങ്ങളുടെ പരീക്ഷണ വേദിയാണ് നമ്മുടെ ഓണക്കാലം. 

ഓണക്കാലം കഴിഞ്ഞാണ് രാജ്യത്തെ മറ്റ് ഉത്സവ സീസണുകള്‍ തുടങ്ങുന്നത് എന്നത് കൊണ്ടാണ് ഓണ സമയത്തെ കമ്പനികള്‍ പരീക്ഷ വേദിയായി തെരഞ്ഞെടുക്കാന്‍ കാരണം. ഓണം കഴിഞ്ഞാല്‍ പിന്നെ ഗണേഷ ചതുര്‍ഥി, ദീപാവലി, ദുര്‍ഗ്ഗാപൂജ, പൊങ്കല്‍, ക്രിസ്മസ്, ന്യൂഇയര്‍ സീസണ്‍ എന്നിവ വരികയായി. അതിനാല്‍ ഓണം കമ്പനികളെ സംബന്ധിച്ച് മര്‍മ്മപ്രധാനമാണ്. 

ഓണം കമ്പനികള്‍ക്ക് വെറും പരീക്ഷണസമയം മാത്രമാണെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. ഇന്ത്യയിലെ ഇലക്ട്രോണിക് - ഗൃഹോപകരണങ്ങളുടെ ആകെ വില്‍പ്പനയുടെ നാല് മുതല്‍ എട്ട് ശതമാനം വരെയാണ് കേരളത്തിലെ വില്‍പ്പന. കേരളത്തില്‍ ആകെ വില്‍ക്കുന്ന ഇലക്ട്രോണിക് - ഗൃഹോപകരണങ്ങളുടെ 60 ശതമാനം വില്‍പ്പനയും നടക്കുന്നത് ഓണം സീസണിലും.
 
കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട മഹാപ്രളയത്തെ തുടര്‍ന്ന് ഓണവിപണിയില്‍ കമ്പനികള്‍ക്ക് വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. അതിനാല്‍ ഈ വര്‍ഷം ഓണക്കാലത്ത് വന്‍ തിരിച്ചുവരവ് നടത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രമുഖ ബ്രാന്‍ഡുകളെല്ലാം. "കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ വലിയ പ്രശ്നത്തിലായിപ്പോയി. എന്നാല്‍, ഇപ്രാവശ്യം ഇതുവരെ പ്രശ്നങ്ങളൊന്നും ഇല്ല. ഓണത്തിന് നല്ല സെയില്‍ നടക്കുമെന്നു തന്നെ കരുതുന്നു" കൊച്ചിയിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിലെ മാനേജര്‍ പറഞ്ഞു.

ഈ ഓണത്തിന് വിപണിയില്‍ വന്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പരീക്ഷണങ്ങളുമായി ചാടിയിറങ്ങാന്‍ നില്‍ക്കുകയാണ് കമ്പനികള്‍. തിരുവോണം മുതല്‍ ചതയം വരെ മാത്രം നീണ്ടുനില്‍ക്കുന്നതല്ല വിവിധ കമ്പനികള്‍ക്ക് ഓണം വില്‍പ്പന. അത് ഏകദേശം ജൂലൈ 15 ഓടെ തന്നെ തുടങ്ങിക്കഴിഞ്ഞു ഏകദേശം സെപ്റ്റംബര്‍ 15 വരെ ഓണം വില്‍പ്പന നീണ്ടുനില്‍ക്കുകയും ചെയ്യും.   
 

click me!