Peng Shuai : 'ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല'; മലക്കംമറിഞ്ഞ് പെങ് ഷുവായ്

By Web TeamFirst Published Dec 20, 2021, 10:47 AM IST
Highlights

നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്ബോ വഴിയാണ് സാങ് ഗാവൊലിക്കെതിരെ പെങ് ഷുവായിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്

ബീജിംഗ്: ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ(Zhang Gaoli) ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്ന് ടെന്നിസ് താരം പെങ് ഷുവായ് (Peng Shuai). തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് ആളുകള്‍ തെറ്റിദ്ധരിച്ചതാണെന്നും ഒരു സിംഗപ്പൂര്‍ മാധ്യമത്തിന് നൽകിയ വീഡിയോ സന്ദേശത്തിൽ പെങ് പറഞ്ഞു. പോസ്റ്റ് പിന്‍വലിച്ചത് വ്യക്തിപരമായ കാര്യമെന്നായിരുന്നു പ്രതികരണം. ബീജിംഗില്‍ സുരക്ഷിതയായി ജീവിക്കുകയാണെന്നും തന്നെ ആരും നിരീക്ഷിക്കുന്നില്ലെന്നും താരം പറഞ്ഞു. 

നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്ബോ വഴിയാണ് സാങ് ഗാവൊലിക്കെതിരെ പെങ് ഷുവായിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഗാവൊലി ലൈംഗികബന്ധത്തിനായി ബലപ്രയോഗം നടത്തിയെന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് ഉടന്‍ വെയ്‌ബോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വിവാദം വലിയ ചര്‍ച്ചയാവാതിരിക്കാന്‍ ഇന്‍റര്‍നെറ്റില്‍ കനത്ത സെന്‍സറിംഗ് നടന്നു എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല എന്നായിരുന്നു ചൈനയുടെ പ്രതികരണം. 

സാങ് ഗാവൊലിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പെങ് ഷുവായി അപ്രതീക്ഷയായത് കായികലോകത്ത് വലിയ വാര്‍ത്തയായിരുന്നു. പെങ് ഷുവായി എവിടെ?’ (#WhereIsPengShuai) എന്ന ഹാഷ്‌ടാഗില്‍ താരത്തിനായി സാമൂഹ്യമാധ്യമങ്ങളില്‍ ക്യാംപയിന്‍ ശക്തമായിരുന്നു. പെങ് ജീവിച്ചിരിക്കുന്നതിന് തെളിവ് പുറത്തുവിടണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടപ്പോള്‍ ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് യുഎന്‍ നിര്‍ദേശിച്ചു. എന്നാല്‍ പെങ് ഷുവായി സുരക്ഷിതയാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പിന്നീട് സ്ഥിരീകരിച്ചു. 

ചൈനയിലെ ഏറ്റവും പ്രശസ്‌തയായ കായിക താരങ്ങളിലൊരാളായ പെങ് ഷുവായി ലോക മുൻ ഒന്നാം നമ്പർ ഡബിൾസ് താരമാണ്. ഒന്നാം റാങ്കിലെത്തിയ ആദ്യ ചൈനീസ് ടെന്നിസ് താരം എന്ന നേട്ടം പെങ്ങിനുണ്ട്. 2013ൽ വിംബിൾഡനും 2014ല്‍ ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടവും സ്വന്തമാക്കി. കരിയറിലാകെ രണ്ട് സിംഗിള്‍സും 22 ഡബിള്‍സ് കിരീടങ്ങളുമുയര്‍ത്തി. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. മൂന്ന് ഒളിംപിക്‌സിൽ പങ്കെടുത്തതും സവിശേഷതയാണ്. 

Peng Shuai : ചൈനീസ് മുൻ ഉപപ്രധാനമന്ത്രി പീഡിപ്പിച്ചെന്ന് ആരോപണം; ടെന്നീസ് താരത്തെ കാണാനില്ല, ചോദ്യവുമായി ലോകം

click me!