Latest Videos

കാട്ടാക്കട സബ് ജില്ലാ അത്ലറ്റിക് മീറ്റ്: പെരുമഴയിൽ നനഞ്ഞ് വിറച്ച് കുട്ടികൾ, വിചിത്ര ന്യായവുമായി എഇഒ

By Web TeamFirst Published Sep 29, 2023, 2:32 PM IST
Highlights

കനത്ത മഴ രാവിലെ മുതൽ പെയ്തിട്ടും കുട്ടികൾ നനഞ്ഞ് വിറച്ച് നിൽക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാൻ എഇഒ തയ്യാറായില്ല

തിരുവനന്തപുരം: കനത്ത മഴയത്ത് അത്ലറ്റിക് മീറ്റ് നടത്തി കാട്ടാക്കട എഇഒ. കാട്ടാക്കട സബ് ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റാണ് ഇന്ന് പെരുമഴയത്ത് ജിവി രാജാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികൾ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിർന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത്ലറ്റിക് മീറ്റിനെത്തിയത്. ഒന്നൊഴിയാതെ എല്ലാവരും മഴയത്ത് നനഞ്ഞു. നല്ല തണുപ്പും കുട്ടികൾക്ക് അനുഭവപ്പെട്ടു. കനത്ത മഴ രാവിലെ മുതൽ പെയ്തിട്ടും കുട്ടികൾ നനഞ്ഞ് വിറച്ച് നിൽക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാൻ എഇഒ ബീനാകുമാരി തയ്യാറായില്ല. മത്സരങ്ങൾ മാറ്റിവച്ചാൽ ഗ്രൗണ്ട് ലഭിക്കില്ലെന്നാണ് ഇതിനായി പറയുന്ന ന്യായം.

പുറത്തിറങ്ങാൻ പറ്റാത്ത വിധം ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയിൽ. ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെല്ലാം കാട്ടാക്കടയിൽ മഴയത്താണ് നിൽക്കുന്നത്. രാവിലെ മുതൽ 400 മീറ്റർ, 1500 മീറ്റർ, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നിൽക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും വീണ്ടും മത്സരം നടത്തുകയാണ്. 

ഇന്നും നാളെയുമായാണ് അത്ലറ്റിക് മീറ്റ് നടക്കുന്നത്. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ റവന്യൂ ജില്ലാ മത്സരങ്ങൾ നടക്കുന്നുണ്ട്. അതിന് മുൻപ് മത്സരങ്ങൾ നടത്തിത്തീർക്കാനാണ് അധികൃതരുടെ ശ്രമം. മഴയത്ത് കുട്ടികളുടെ ശാരീരിക ക്ഷമത കൃത്യമായി അളക്കാൻ സാധിക്കില്ലെന്നത് പോലും പരിഗണിക്കാതെയാണ് എഇഒയുടെ നടപടി. നിരവധി അധ്യാപകരും രക്ഷിതാക്കളും പരാതിയുമായി സമീപിച്ചപ്പോഴും മത്സരങ്ങൾ തീർക്കണ്ടേയെന്ന ചോദ്യമാണ് എഇഒ ഓഫീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നതും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!