കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ, 30 ഏക്കര്‍ വരെ വാങ്ങാന്‍ നീക്കം, താല്‍പര്യ പത്രം ക്ഷണിച്ചു

By Web TeamFirst Published Jan 28, 2023, 10:09 AM IST
Highlights

അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം. 

കൊച്ചി: സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം എന്ന തീരുമാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്നോട്ട്. എറണാകുളം ജില്ലയിൽ 30 ഏക്കർ സ്ഥലം വാങ്ങാൻ കെ സി എ താല്‍പര്യ പത്രം ക്ഷണിച്ചു. മൂന്ന് വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കെ സി എ നീക്കം. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായ രണ്ട് മൈതാനങ്ങൾ ഉണ്ടെങ്കിലും സ്വന്തമായി സ്റ്റേഡിയമില്ലായ്മയാണ് ഇന്ത്യൻ ക്രിക്കറ്റിൽ കെ സി എ നേരിടുന്ന പ്രശ്നം. ഗ്രീൻഫീൽഡ് സ്റ്റേഡിയം ദീർഘകാലത്തേക്ക് ഉപയോഗ്യമെങ്കിലും കരാറിന്‍റെ സാങ്കേതികത്വവും വിനോദ നികുതി സംബന്ധിച്ച സമീപകാല വിവാദങ്ങളും നെഗറ്റീവായി. 

എല്ലാത്തിനുമുപരി ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാൻ സ്വന്തം സ്റ്റേഡിയം വേണമെന്ന ബി സി സി ഐ മാനദണ്ഡവുമാണ് സ്വന്തം സ്റ്റേഡിയം എന്ന തീരുമാനവുമായി മുന്നോട്ട് പോകാൻ കാരണം. ഏഴ് അസോസിയേഷനുകൾക്കാണ് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം ഇല്ലാത്തത്. എറണാകുളം ജില്ലയിൽ 30 ഏക്കർ ഭൂമിയുള്ള ഉടമകളെ തേടിയാണ് കെസിഎ പത്രപരസ്യം. 250 കോടി രൂപയോളം ചെലവാണ് പുതിയ സ്റ്റേഡിയത്തിന് കണക്കാക്കുന്നത്. മുഴുവൻ തുകയും ബി സി സി ഐ ചെലവഴിക്കും.

click me!