Latest Videos

'ഇക്കുറി ഇനി പറ്റില്ല', ദേശീയ ഗെയിംസിലെ 'വോളിബോൾ' ഹർജി തീർപ്പാക്കി; താരങ്ങളോട് സഹതാപം പ്രകടിപ്പിച്ച് ഹൈക്കോടതി

By Anver SajadFirst Published Oct 28, 2023, 4:44 PM IST
Highlights

താരങ്ങളും കോച്ചുമാരും നൽകിയ ഹർജിയാണ് ഹൈക്കോടതി അവസാനിപ്പിച്ചത്

കൊച്ചി: ഇത്തവണത്തെ ദേശീയ ഗെയിംസിൽ നിന്നും വോളിബോൾ ഒഴിവാക്കിയതിനെതിരായ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ചൂണ്ടികാട്ടിയ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, വോളിബോൾ ഇനി ഉൾപ്പെടുത്താൻ ആകില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇത്തവണ ഇനി ഉൾപ്പെടുത്തൽ സാധ്യമല്ലെന്ന് ഐ ഒ എ വ്യക്തമാക്കിയതോടെ വിമർശനം ഉന്നയിച്ച ശേഷമാണ് ഹൈക്കോടതി ഹർജി അവസാനിപ്പിക്കുന്നതായി അറിയിച്ചത്. താരങ്ങളും കോച്ചുമാരും നൽകിയ ഹർജിയാണ് ഹൈക്കോടതി അവസാനിപ്പിച്ചത്. താരങ്ങളോട് സഹതാപം തോന്നുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

'ഞെട്ടലും ലജ്ജയും', രാജ്യത്തിൻ്റെ എല്ലാ പുരോഗതിക്കും എതിരായ നിലപാട്; യുഎൻ വോട്ടെടുപ്പ് ബഹിഷ്കരിച്ചതിൽ പ്രിയങ്ക

വോളിബോൾ താരങ്ങളുടെയും കോച്ചുമാരുടെയും ഹർജി രാവിലെ പരിഗണിച്ച ഹൈക്കോടതി, എന്തുകൊണ്ടാണ് ദേശീയ ഗെയിംസിൽ നിന്നും വോളിബോൾ മത്സരം ഒഴിവാക്കിയതെന്ന് ചോദിച്ചിരുന്നു. വോളിബോൾ ടീമുകളെ ഇനി തെരഞ്ഞെടുക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചത്. വോളിബോൾ ഒഴിവാക്കിയത് ദൗർഭാഗ്യകരമായ സംഭവമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, വോളിബോൾ മത്സര വേദി ഒഴിവാക്കിയോ എന്നും ചോദിച്ചിരുന്നു.

താരങ്ങളുടെ ഭാവി കളയുകയാണ് ഇതിലൂടെ ദേശീയ ഗെയിംസ് സംഘാടകർ ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. അഡ്മിനിസ്ട്രേറ്റർമാർ തമ്മിൽ തർക്കമാണെന്നും ആരും വോളിബോളിനെ പറ്റി സംസാരിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ദേശീയ ഗെയിംസിൽ നിന്നും മാത്രമാണ് വോളിബോൾ മത്സരം ഒഴിവാക്കിയതെന്നാണ് ഇതിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നൽകിയ മറുപടി. വോളിബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പിന് ശേഷം നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമെന്നും ഐ ഒ എ വ്യക്തമാക്കിയതോടെയാണ് താരങ്ങളോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. ദേശീയ ഗെയിംസ് സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചത്. ആനന്ദ്, അൽന രാജ് റോലി പഥക് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!